| Tuesday, 30th September 2014, 10:18 am

വിദ്യാര്‍ത്ഥികളെക്കൊണ്ട് മൂത്രപ്പുര കഴുകിച്ച പ്രധാന അധ്യാപികക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ആലപ്പുഴ : കേരളത്തിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. തിരുവനന്തപുരത്ത് സഹപാഠിയോട് സംസാരിച്ചതിന് എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ചതിനു പിന്നാലെ ആലപ്പുഴയില്‍ യൂണിഫോം ധരിക്കാതെയെത്തിയ വിദ്യാര്‍ത്ഥികളെ മൂത്രപ്പുര കഴുകിച്ചതായി പരാതി.

ആലപ്പുഴ മണ്ണഞ്ചേരി തമ്പകച്ചുവട് യു.പി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിയ രണ്ടാംക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളെക്കൊണ്ടാണ് പ്രധാനാ അധ്യാപിക മൂത്രപ്പുര കഴുകിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്‌കൂളിലെ പ്രധാന അധ്യാപിക ഹെലനിയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികള്‍ മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുസ്‌ലിംലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ മണ്ണഞ്ചേരി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അധ്യാപികക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും ശിശുക്ഷേമ സമിതിക്കും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നു.

ചേര്‍ത്തല വിദ്യാഭ്യാസ ഓഫിസര്‍ ഫിലിപ്പോസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ. ജോസ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗും ഡി.വൈ.എഫ്.ഐയും സ്‌കൂളിലേക്ക് തിങ്കളാഴ്ച പ്രകടനം നടത്തിയിരുന്നു.

സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ അബ്ദുറബ്ബ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ശുചിത്വമിഷന്റെ ഭാഗമായാണ് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ബാത്‌റൂം കഴുകിയത് എന്നാണ് അധ്യാപികയുടെ വിശദീകരണം.

We use cookies to give you the best possible experience. Learn more