ചെന്നൈ: തമിഴ്‌നാട്ടില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 10 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി പ്രത്യേക കോടതി. 2015 ല്‍ തമിഴ്‌നാട്ടിലെ രാമക്കല്‍ ജില്ലയിലാണ് റെയില്‍വേ ട്രാക്കില്‍ ഗോകുല്‍രാജ് എന്ന യുവാവിന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്.
പിന്നാക്ക വിഭാഗവും എന്നാല്‍ പ്രബലരുമായ ഗൗണ്ടര്‍ ജാതിയില്‍ പെട്ടവരാണ് പ്രതികള്‍. തങ്ങളുടെ ജാതിയില്‍ പെട്ട യുവതിയുമായി നാമക്കല്‍ ജില്ലയിലെ ക്ഷേത്രത്തിനടുത്ത് വെച്ച് ഗോകുല്‍രാജ് സംസാരിക്കുന്നത് കണ്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
കേസ് പരിഗണിച്ച പ്രത്യേക കോടതിയിലെ മൂന്നാമത്തെ അഡീഷണല്‍ ജഡ്ജി ഡി. സമ്പത്ത് കുമാര്‍, നാമക്കലിലെ ജാതി സംഘടനയായ ധീരന്‍ ചിന്നമലൈ പേരവൈയുടെ അന്നത്തെ പ്രസിഡന്റും മുഖ്യപ്രതിയുമായ എസ്. യുവരാജ് ഉള്‍പ്പെടെ 10 പേര്‍ കുറ്റക്കാരാണെന്ന് വിധിച്ചു.
യുവരാജ്, സഹോദരന്‍ തങ്കദുരൈ, അരുണ്‍, കുമാര്‍, ശങ്കര്‍, അരുള്‍ വസന്തം, സെല്‍വകുമാര്‍, സതീഷ്‌കുമാര്‍, രഘു എന്ന ശ്രീധര്‍, രഞ്ജിത്ത് എന്നീ 10 പ്രതികളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
മാര്‍ച്ച് എട്ടിന് കോടതി വിധി പറയും. 10 പ്രതികള്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി ജഡ്ജി നിരീക്ഷിച്ചു. 15 പ്രതികള്‍ക്കെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടു.
2015 ജൂണില്‍ നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട ഒരു സ്ത്രീയ്ക്കൊപ്പമാണ് ഗോകുല്‍രാജിനെ അവസാനമായി കണ്ടത്. ജൂണ്‍ 23 ന്, ഒരു സംഘം ആളുകള്‍ ഗോകുല്‍രാജിനെ ക്ഷേത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി, പിറ്റേന്ന് റെയില്‍വേ ട്രാക്കില്‍ തലയറുത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഗോകുല്‍രാജിന്റെ കഴുത്ത് ഞെരിച്ചതായും കഴുത്തില്‍ കുത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം നടക്കെ പ്രതിയായ യുവരാജ് ചാനലില്‍ പ്രത്യക്ഷപ്പെടുകയും താന്‍ നിരപരാധിയാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. ചാനലില്‍ പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം യുവരാജ് നാമക്കലില്‍ സി.ബി-സി.ഐ.ഡി മുമ്പാകെ കീഴടങ്ങിയിരുന്നു.
2016 മെയ് മാസത്തില്‍ മദ്രാസ് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ജാമ്യം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് 2016 ഓഗസ്റ്റില്‍ യുവരാജ് വീണ്ടും അറസ്റ്റിലായിരുന്നു.
2018ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 1989-ലെ എസ്.സി/എസ്.ടി അതിക്രമങ്ങള്‍ തടയല്‍ നിയമം പ്രകാരം കേസിന്റെ വിചാരണ മധുരയിലെ പ്രത്യേക കോടതിയിലേക്ക് 2019-ല്‍ മാറ്റി.
ഇതിനിടയില്‍ കേസ് അന്വേഷിച്ചിരുന്ന നാമക്കല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍. വിഷ്ണുപ്രിയയെ 2015 സെപ്റ്റംബറില്‍ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോലിയിലെ സമ്മര്‍ദം മൂലമാണ് ആത്മഹത്യ എന്നായിരുന്നു ആത്മഹത്യ കുറിപ്പില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ കൊലപാതക കേസുമായി ഇവരുടെ ആത്മഹത്യക്ക് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.
Content Highlight: Headless body of Dalit youth found on track, Special court finds 10 guilty