2017ലാണ് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ ജോയിന്‍ ചെയ്തത്. രണ്ട് വര്‍ഷത്തിന് ശേഷം താരം ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകാന്‍ താത്പര്യം പ്രകടിപ്പിച്ചത് പി.എസ്.ജി ആരാധകരെ ചൊടിപ്പിക്കുകയും അവര്‍ നെയ്മര്‍ക്ക് നേരെ നെയ്മര്‍ക്ക് നേരെ തിരിയുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നെയ്മര്‍ക്കെതിരെ പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ ചാന്റുകള്‍ മുഴങ്ങുകയും ബാനറുകള്‍ ഉയരുകയും ചെയ്തു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പി.എസ്.ജി ആരാധകരുടെ സംഘടനയായ അള്‍ട്രാസിന്റെ പ്രസിഡന്റ് റൊമെയിന്‍ മാബില്ലെ. തങ്ങള്‍ നെയ്മറോട് ചെയ്തത് അതിരുകടന്ന് പോയെന്നും താരത്തിന്റെ അമ്മയെ അപമാനിച്ചത് തെറ്റായിപ്പോയെന്നും അവര്‍ പറഞ്ഞു.
‘ഞങ്ങള്‍ നെയ്മറിന്റെ അമ്മയെ അപമാനിച്ചുകൊണ്ട് ബാനറുകള്‍ ഉയര്‍ത്തിയത് തെറ്റായിപ്പോയി. നെയ്മറോട് പരുഷമായി പെരുമാറുകയുമുണ്ടായി. കാര്യമെന്താണെന്നുവെച്ചാല്‍ തുടക്കത്തില്‍ നെയ്മറെ ആരാധകര്‍ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് എല്ലാം മാറിമറിയുകയായിരുന്നു. പി.എസ്.ജി താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതായിട്ടുണ്ട്.
നെയ്മര്‍ വളരെയധികം സ്വാധീനമുള്ള താരമാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു ബന്ധം സ്ഥാപിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സൈഡില്‍ നിന്നോ ക്ലബ്ബിന്റെ സൈഡില്‍ നിന്നോ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല,’ അവര്‍ പറഞ്ഞു.
പി.എസ്.ജിക്കായി ഇതുവരെ കളിച്ച 169 മത്സരങ്ങളില്‍ നിന്ന് 117 ഗോളുകളും 75 അസിസ്റ്റുകളുമാണ്
നെയ്മര്‍ അക്കൗണ്ടിലാക്കിയിട്ടുള്ളത്. 2025 വരെ താരവുമായുള്ള കരാര്‍ പുതുക്കാന്‍ പി.എസ്.ജി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, പി.എസ്.ജി വളരെ നിര്‍ണായക മത്സരങ്ങളാണ് ഇനി കളിക്കാന്‍ പോകുന്നത്. കോപ്പ ഡി ഫ്രാന്‍സിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശക്തരായ മാഴ്‌സെയാണ് പി.എസ്.ജിയുടെ എതിരാളികള്‍. ഫെബ്രുവരി ഒമ്പതിനാണ് മത്സരം നടക്കുക.
Content Highlights: Head of PSG ultrsa makes brutally honest Neymar confession