|

'അതാവണമെടാ പൊലീസ്'; യു.പിയില്‍ നവരാത്രിയുടെ പേരില്‍ ഇറച്ചിക്കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ച ഗോരക്ഷാ തലവനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: നവരാത്രി ആഘോഷങ്ങളുടെ പേരുപറഞ്ഞ് യു.പിയില്‍ ഇറച്ചിക്കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ച ഗോരക്ഷാദള്‍ തലവനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ഗ്രേയ്റ്റര്‍ നോയിഡയിലെ ഇറച്ചിക്കടകള്‍ അടപ്പിച്ചതിനാണ് വേദ് നാഗര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. അച്ചേജ ഗ്രാമത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ഐ.പി.സി 151 വകുപ്പ് പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു.

നവരാത്രി ആഘോഷങ്ങളുടെ പേര് പറഞ്ഞ് നൂറ് കണക്കിന് ഇറച്ചിക്കടകളായിരുന്നു ഗോരക്ഷകരും ഹിന്ദുയുവവാഹിനി പ്രവര്‍ത്തകരും ശിവസേനക്കാരും ചേര്‍ന്ന് അടപ്പിച്ചത്. കടയടക്കാന്‍ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുകയും നവരാത്രി ആഘോഷങ്ങള്‍ തീരുന്നതുവരെ കടകള്‍ തുറക്കാന്‍ പാടില്ലെന്ന നോട്ടീസും നല്‍കുകയായിരുന്നു ഇവര്‍.


Dont Miss പ്രതിഷേധം അനുവദിക്കില്ല; ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജ്


കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന നിര്‍ദേശമുണ്ടായിട്ടും വേദ് നഗറും സംഘവും വീണ്ടും സംഘം കടകള്‍ അടപ്പിക്കുകയായിരുന്നെന്നും നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിരുന്നുവെന്നും നോയിഡ പൊലീസ് പി.ആര്‍.ഒ മനീഷ് സക്‌സേന പറഞ്ഞു.

ഗോരക്ഷാപ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് നിരവധി ഇറച്ചി മത്സ്യമാര്‍ക്കറ്റുകളാണ് യു.പിയില്‍ അടച്ചുപൂട്ടിയത്. നിയമം കയ്യിലെടുത്തുകൊണ്ടുള്ള ഒരു പ്രവര്‍ത്തനവും ഇവിടെ അനുവദിക്കില്ലെന്നും ജനങ്ങള്‍ക്കിടയില്‍ ഭയം വിതച്ച് കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ചില തത്പ്പകരകക്ഷികളുടെ നടപടികള്‍ അംഗീകരില്ലെന്നും ഡി.എം ബി.എന്‍ സിങ് പറഞ്ഞു. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും ഇടപെടുന്നത് കണ്ടാല്‍ മുഖംനോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ദാദ്രിദിയില്‍ മഹമ്മദ് അഖ്‌ലഖ് എന്നയാളെ ഒരുസംഘം അടിച്ചുകൊലപ്പെടുത്തിയതിന് പിന്നാലെ നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളുമായിരുന്നു ബീഫിന്റെ പേരില്‍ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ മിക്കതും യു.പിയിലായിരുന്നു. ഇതിന്റെ പേരില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തന്നെ നഷ്ടമായ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി പൊലീസ് രംഗത്തെത്തിയത്.

Video Stories