| Friday, 6th August 2021, 4:00 pm

അഫ്ഗാന്‍ പ്രസിഡന്റിന്റെ വക്താവ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം തലവന്‍ ദവാ ഖാന്‍ മിന്‍പാല്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ വക്താവ് കൂടിയാണ് ദവാ ഖാന്‍.

കഴിഞ്ഞ ദിവസം അഫ്ഗാന്‍ തലസ്ഥാനത്തെ അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ താലിബാന്‍ ആക്രമണം നടത്തിയിരുന്നു. അഫ്ഗാന്‍ പ്രതിരോധ മന്ത്രി ബിസ്മില്ലാഹ് ഖാന്‍ മുഹമദിയുടെ വസതിക്ക് നേരെയായിരുന്നു താലിബാന്റെ കാര്‍ബോംബ് ആക്രമണം.

ആക്രമണത്തില്‍ നിന്ന് മന്ത്രിയുടെ കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപെട്ടു. സംഭവസമയത്ത് മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല.

കാബൂളിലെ അതിസുരക്ഷാ മേഖലയില്‍ നടന്ന ആക്രമണത്തെ ഗൗരവത്തോടെയാണ് അഫ്ഗാന്‍ സുരക്ഷാ വിഭാഗം കാണുന്നത്. മന്ത്രിയുടെ വസതിക്ക് സമീപം കാര്‍ബോംബ് സ്‌ഫോടനം നടത്തിയ ശേഷം നാല് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ഇവരെ കൊലപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു.

സംഭവത്തില്‍ നാല് സുരക്ഷാഭടന്‍മാര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആക്രമണത്തെ അപലപിച്ച യു.എസ് ഇത്തരം പ്രവര്‍ത്തികള്‍ താലിബാന്റെ മുഖമുദ്രയാണെന്ന് ആരോപിച്ചു. ആക്രമണത്തിനു ശേഷം കാബൂള്‍ ജനത തെരുവിലിറങ്ങി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.

അഫ്ഗാനിലെമ്പാടും താലിബാന്‍ ആക്രമണം ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിലെ യു.എന്‍ ഓഫീസിനു നേരെ നടത്തിയ ആക്രമണത്തില്‍ സുരക്ഷാജീവനക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഫ്ഗാനില്‍ നിന്ന് യു.എസ് സൈനിക പിന്‍മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജ്യത്തിന്റെ ഭരണം പിടിച്ചടക്കാന്‍ താലിബാന്‍ ആക്രമണം ആരംഭിച്ചത്. നിലവില്‍ രാജ്യത്തെ പകുതിയോളം പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Head of Afghanistan government’s media department killed by Taliban fighters

We use cookies to give you the best possible experience. Learn more