'ലഹരിക്കടിമകളല്ല പഞ്ചാബുകാരെന്ന് സര്‍ക്കാരിനോട് പറയാന്‍ അവര്‍ക്ക് കരുത്ത് വേണം'; കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 'ഹെഡ് മസാജു'മായി കബഡി താരങ്ങള്‍
farmers protest
'ലഹരിക്കടിമകളല്ല പഞ്ചാബുകാരെന്ന് സര്‍ക്കാരിനോട് പറയാന്‍ അവര്‍ക്ക് കരുത്ത് വേണം'; കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 'ഹെഡ് മസാജു'മായി കബഡി താരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd December 2020, 5:04 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കബഡി താരങ്ങള്‍ സിംഗു അതിര്‍ത്തിയിലെത്തി. വ്യത്യസ്തമായ രീതിയിലാണ് കര്‍ഷകരോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം അവര്‍ പ്രഖ്യാപിച്ചത്.

സിംഗു അതിര്‍ത്തിയിലെത്തിയ സംഘം കര്‍ഷകസമരത്തില്‍ പ്രതിഷേധം നയിക്കുന്നവരുടെ തല മസാജ് ചെയ്താണ് സമരത്തോടുള്ള പിന്തുണ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ചയോടെ സിംഗു അതിര്‍ത്തിയിലെത്തിയ സംഘം കര്‍ഷകര്‍ക്കായി ഹെഡ് മസാജ് ആരംഭിക്കുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഹെഡ് മസാജ് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്നും കര്‍ഷകര്‍ക്ക് മാത്രമായിരിക്കും ഈ സേവനമെന്നും താരങ്ങള്‍ പറഞ്ഞു.

ദല്‍ഹിയിലെ കൊടും തണുപ്പും പ്രതിഷേധക്കാരിലെ മാനസിക പിരിമുറുക്കങ്ങളും കുറയ്ക്കാന്‍ ഹെഡ് മസാജ് വളരെ ഉപകാരപ്രദമാണെന്നും അതിനാലാണ് തങ്ങള്‍ ഇവിടെയെത്തിയതെന്നുമായിരുന്നു അന്താരാഷ്ട്ര കബഡി താരമായ കോമല്‍ ദീപ് സിംഗ് പറഞ്ഞത്.

‘പ്രതിഷേധം നടത്തുന്നവരുടെ സമ്മര്‍ദ്ദം ഇല്ലാതാക്കാനാണിത്. ലഹരി മരുന്നിനടിമകളല്ല ഞങ്ങളെന്ന് സര്‍ക്കാരിനോട് പറയാന്‍ അവര്‍ക്ക് കരുത്ത് നല്‍കാനാണിത്. ഞങ്ങള്‍ മാവോയിസ്റ്റുകളല്ല, ഖലിസ്ഥാനികളല്ല’, കോമല്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.

അതേസമയം കര്‍ഷകര്‍ക്കല്ല, രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് ഈ മസാജ് ഇപ്പോള്‍ ആവശ്യമെന്നാണ് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞത്. തന്റെ സര്‍ക്കാരിനെ ആരാണ് താങ്ങിനിര്‍ത്തുന്നതെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് ഇത് ഉപകരിക്കുമെന്നും സമരാനുകൂലികളിലൊരാള്‍ പറഞ്ഞു.

ഹെഡ് മസാജിനോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന കര്‍ഷകരുടെ കാലും മസാജ് ചെയ്യാന്‍ യുവ കബഡി താരങ്ങള്‍ പ്രദേശത്ത് എത്തിയിരുന്നു.

അതേസമയം, കര്‍ഷക പ്രതിഷേധം 27ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.

എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പഞ്ചാബ് സര്‍ക്കാരും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Head Massage Service For Farmers By Kabadi Players