| Thursday, 4th June 2020, 3:58 pm

'എങ്ങനെയെങ്കിലും സഹായിക്കണം, അല്ലെങ്കില്‍ രക്ഷപ്പെടില്ല'; കൊവിഡ് ബാധിച്ച് പിതാവ് മരിക്കുന്നതിന് മുന്‍പ് ആശുപത്രിയ്ക്ക് മുന്നിലിരുന്ന് യുവതിയുടെ ട്വീറ്റ്; ചികിത്സ നിഷേധിച്ചതായും പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച പിതാവിന് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി ദല്‍ഹി സ്വദേശിനി. ദല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയ്ക്ക് പുറത്താണ് തങ്ങള്‍ ഉള്ളതെന്നും കൊവിഡ് ബാധിതനായ പിതാവിന് ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ ആദ്യ ട്വീറ്റ്

മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ആശുപത്രി അധികൃതരില്‍ നിന്നും സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും എങ്ങനെയെങ്കിലും തന്റെ അച്ഛനെ രക്ഷിക്കണമെന്നുമായിരുന്നു യുവതി ട്വീറ്റില്‍ പറഞ്ഞത്. തന്റെ പിതാവിന്റെ മരണവാര്‍ത്തയായിരുന്നു ഒരു മണിക്കൂറിന് ശേഷം യുവതി ട്വീറ്റ് ചെയ്തത്.

രാവിലെ 8.05 ന് അമര്‍പ്രീത് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമുള്ള യുവതിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു’ എന്റെ അച്ഛന് കടുത്ത പനിയുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. ദല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിക്ക് മുന്നിലാണ് ഞങ്ങള്‍ ഇപ്പോള്‍ ഉള്ളത്. എന്നാല്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. എന്റെ അച്ഛന്‍ കൊറോണ ബാധിതനാണ്. കടുത്തപനിയും ശ്വാസതടസവും ഉണ്ട്. ഡോക്ടര്‍മാരുടെ സഹായം ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് രക്ഷപ്പെടാനാവില്ല. ദയവുചെയ്ത് സഹായിക്കണം’.

ഒരു മണിക്കൂര്‍ പിന്നിട്ട ശേഷം ഇതേ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന മറ്റൊരു ട്വീറ്റ് ‘ അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, സര്‍ക്കാര്‍ ഞങ്ങളെ തോല്‍പ്പിച്ചിരിക്കുന്നു’ എന്നായിരുന്നു.

ഈ ട്വീറ്റിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ സര്‍ക്കാരിനും ആശുപത്രി അധികൃതര്‍ക്കുമെതിരെ കടുത്തവിമര്‍ശനം ഉയര്‍ന്നത്. കൃത്യമായ സമയത്ത് ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഇത് പരാജയമാണെന്നുമായിരുന്നു ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പ്രതികരണം.

കൊറോണ വൈറസ് ആശുപത്രിയാക്കി മാറ്റിയ ദല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ 1000 ബെഡുകളാണ് ഉള്ളത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ജൂണ്‍ ഒന്നിന് ഗംഗാറാം ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതെന്നും എന്നാല്‍ ആശുപത്രി അധികൃതര്‍ ഹോം ക്വാറന്റീന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

അബോധാവസ്ഥയിലാണ് അദ്ദേഹത്തെ കാഷ്വാലിറ്റിയില്‍ എത്തിച്ചത്. അദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ മരിച്ച ശേഷമാണ് കൊണ്ടുവന്നതെന്ന് മനസിലായി. എന്നാണ് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞത്.

എന്നാല്‍ തന്റെ പിതാവിന് കൊവിഡ് ബാധിച്ചതിന്റെ പിറ്റേദിവസവും യുവതി സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. ‘ എന്റെ പിതാവിന് കൊറോണ പോസിറ്റീവാണ്. ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെട്ടിട്ടൊന്നും സഹായം ലഭിച്ചില്ല. അടിയന്തരമായി ആരെങ്കിലും സഹായിക്കണം’ എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിനേയും മനീഷ് സിസോദിയേയും ദിലീപ് പാണ്ഡെയെയും ടാഗ് ചെയ്തുകൊണ്ട് യുവതി ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെ തങ്ങളെ സഹായിക്കാന്‍ തയ്യാറായ എ.എ.പി എം.എല്‍.എ ദിലീപ് പാണ്ഡെയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റും യുവതി ഇട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more