ന്യൂദല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയും (ബി.ജെ.പി), ബിജു ജനതാദളും (ബി.ജെ.ഡി) ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. കോണ്‍ഗ്രസ് ഇരുപാര്‍ട്ടികള്‍ക്കുമെതിരെ പ്രതിഷേധിക്കുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
‘ബി.ജെ.പിയും ബി.ജെ.ഡിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇരു പാര്‍ട്ടികളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെയും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രി പറയുന്നത് എന്താണോ അത് ചെയ്യുന്നവരാണ് ഒഡീഷ മുഖ്യമന്ത്രിയുള്‍പ്പെടെ ബി.ജെ.ഡി നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ പ്രധാനമന്ത്രി ഇരിക്കാന്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി ഇരിക്കും. അതാണ് ഒഡീഷയിലെ അവസ്ഥ. എം.പിമാരും ഇത് തന്നെയാണ് ചെയ്യുന്നത്. ഇരും പാര്‍ട്ടികളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ട് ഒഡീഷയില്‍ വെറുതെ പ്രതിഷേധങ്ങളൊക്കെ നടത്തുകയാണ്,’ ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.
ഒക്‌ടോബര്‍ 31 മുതല്‍ കോണ്‍ഗ്രസ് ഒഡീഷയില്‍ റാലി നടത്തുന്നുണ്ട്. രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആശയം ഉയര്‍ത്തിയാണ് യാത്ര നടത്തുന്നത്. ‘ഒഡീഷ പരിക്രമ യാത്ര’ എന്ന പേരിലാണ് കോണ്‍ഗ്രസ് പരിപാടി അവതരിപ്പിക്കുന്നത്. ഒഡീഷക്ക് പുറമെ അസം, ത്രിപുര, ബീഹാര്‍, സിക്കം, പശ്ചിമബംഗാള്‍, നാഗലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇപ്രകാരം യാത്രകള്‍ നടത്തുന്നുണ്ട്.
കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന സ്വേച്ഛാധിപത്യ സമീപനം കാരണം രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.