കരിയര്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി 110 സെഞ്ച്വറികള്‍ നേടുമെന്ന പ്രവചനവുമായി മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു.
മൂന്ന് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ താരം നേടിയ ടെസ്റ്റ് സെഞ്ച്വറി ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കോഹ്‌ലിയുടെ 28ാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്.
2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് സെഞ്ച്വറി നേടിയ കോഹ്‌ലിക്ക് വീണ്ടും മൂന്നക്കം കടക്കാന്‍ 41 ഇന്നിങ്‌സുകള്‍ വേണ്ടി വന്നു.
75 സെഞ്ച്വറികളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്‌ലിയുടെ സമ്പാദ്യം. 100 സെഞ്ച്വറികള്‍ സ്വന്തമായുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് താരത്തിന് മുന്നിലുള്ളത്.
ക്യാപ്റ്റന്‍ എന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തനായ കോഹ്‌ലി ആവേശത്തോടെ റണ്‍സടിച്ച് കൂട്ടുമെന്നും സെഞ്ച്വറികളുടെ കാര്യത്തില്‍ താരം സെഞ്ച്വറി കടക്കുമെന്നുമാണ് അക്തര്‍ പറയുന്നത്.
‘കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയെന്നത് എന്നെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്ന കാര്യമൊന്നുമല്ല. അദ്ദേഹത്തിന് മേല്‍ ക്യാപ്റ്റന്‍സിയുടെ അമിതഭാരം ഉണ്ടായിരുന്നു. ഇപ്പോള്‍ അയാള്‍ക്ക് അധിക സമ്മര്‍ദ്ദങ്ങളില്ല, കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും.
കോഹ്‌ലി 110 സെഞ്ച്വറി നേടി സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,” അക്തര്‍ പറഞ്ഞു.
കളിക്കുന്ന സമയത്ത് സച്ചിന്റെ വിക്കറ്റ് തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നെന്നും അക്തര്‍ പറഞ്ഞു.
‘ഞങ്ങള്‍ കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ കളിക്കുന്ന സമയത്ത് സച്ചിന്റെ വിക്കറ്റ് സ്വന്തമാക്കുമെന്ന് ഞാന്‍ ഒരു ടീമംഗത്തോട് പറഞ്ഞു. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. ഒരു ലക്ഷത്തോളം കാണികള്‍ക്ക് മുന്നിലായിരുന്നു ആ വിക്കറ്റ് നേട്ടം.
സച്ചിന്‍ പുറത്തായതോടെ പകുതിയിലധികം താരങ്ങള്‍ സ്റ്റേഡിയം വിട്ടുപോയി.’ അക്തര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: He will score 110 Centuries, Shoaib Akhtar said about virat kohli