| Thursday, 14th January 2021, 9:51 am

'ഉവൈസി ബീഹാറില്‍ ബി.ജെ.പിയെ കാത്തു; ഇനി യു.പിയിലും ബംഗാളിലും തുണയ്ക്കും'; ദൈവം അദ്ദേഹത്തിന് ശക്തി നല്‍കട്ടെയെന്ന് സാക്ഷി മഹാരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പശ്ചിമ ബംഗാളില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയെ സഹായിക്കുമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.

ഉന്നാവോ ലോക് സഭാ മണ്ഡലത്തെ പ്രതികരിക്കുന്ന സാക്ഷി മഹാരാജിനോട് ഉത്തര്‍പ്രദേശിലെ അസദുദ്ദീന്‍ ഉവൈസിയുടെ സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ദൈവം അദ്ദേഹത്തിന് ശക്തി നല്‍കട്ടെ. അദ്ദേഹം ബി.ജെ.പിയെ ബീഹാറില്‍ സഹായിച്ചു. ഇനി ഉത്തര്‍പ്രദേശിലും ബംഗാളിലും സഹായിക്കും,” സാക്ഷി മഹാരാജ് പറഞ്ഞു.

സാക്ഷി മാഹാരാജിന്റെ പ്രസ്താവനയ്ക്ക് ശേഷം ഉവൈസിക്കെതിര ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നേരത്തെ തന്നെ അദ്ദേഹം ബി.ജെ.പിയുടെ ബി ടീമാണെന്ന ആരോപണം നിലനിന്നിരുന്നു. ബി.ജെ.പി എം.പിയുടെ പ്രസ്താവന കൂടിയായതോടെ ഈ വാദം സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ ബലപ്പെട്ടുവരികയാണ്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ചത് മഹാസഖ്യത്തിന് ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബറിലാണ് ഉത്തര്‍പ്രദേശിലും മത്സരിക്കുമെന്ന് ഉവൈസി വ്യക്തമാക്കിയത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉവൈസിയുടെ പാര്‍ട്ടിയും സജീവമായി രംഗത്തുണ്ട്.

ബംഗാളിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള മതപണ്ഡിതന്‍ അബ്ബാസ് സിദ്ദിഖിയുമായി ഉവൈസി ചര്‍ച്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ദിഖിയുമായി ചേര്‍ന്ന് തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞത്.

അതേസമയം ബംഗാളില്‍ എ.ഐ.എം.ഐ.എം തെരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കുമോ അതോ അദ്ദേഹത്തിന്റെ പാര്‍ട്ടി സിദ്ദിഖിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുമോ എന്നത് ഉവൈസി വ്യക്തമാക്കിയിട്ടില്ല. മുസ്‌ലിം ലീഗും അബ്ബാസി സിദ്ദിഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉവൈസിയുടെ നീക്കങ്ങള്‍ ബംഗാളില്‍ മമത ബാനര്‍ജിക്ക് തിരിച്ചടിയാകുമെന്നും മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബംഗാളില്‍ 30 ശതമാനത്തോളം വോട്ട് ശതമാനമാണ് മുസ്ലിങ്ങള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ 90 അംഗ നിയമസഭയില്‍ മുസ്ലിങ്ങള്‍ക്ക് നിര്‍ണായക സ്വാധീനവുമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “He Will Help Us In UP and Bengal”: Sakshi Maharaj On Asaduddin Owaisi

We use cookies to give you the best possible experience. Learn more