ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിവ് പോലെ പോരാട്ടങ്ങൾ കടുകട്ടിയാണ്. ലീഗ് മത്സരങ്ങൾ പകുതിയോടടുക്കുമ്പോൾ 2003-2004 സീസണിൽ സൃഷ്‌ടിച്ച അത്ഭുതം ആഴ്സണൽ ആവർത്തിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ഫുട്ബോൾ ലോകം.
എന്നാൽ ശനിയാഴ്ച നടന്ന മത്സരത്തിൽ വൂൾവ്സിനെ ഒരു ഗോളിന് തകർത്ത് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നീണ്ട കാലത്തെ തകർച്ചക്ക് ശേഷം പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ക്ലബ്ബിന് ഈ രീതിയിൽ പ്രകടനം തുടരാനായാൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാം.
ഇംഗ്ലീഷ് താരം മാർകസ് റാഷ്ഫോർഡിന്റെ ഗോളിലായിരുന്നു മത്സരം യുണൈറ്റഡ് കൈപ്പിടിയിലൊതുക്കിയത്.
എന്നാൽ മത്സരശേഷം റാഷ്ഫോർഡിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് റാഷ്ഫോർഡിന്റെ സഹതാരവും ബ്രസീലിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളുമായ കാസമിറോ.
ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളാകാൻ പോകുന്ന പ്ലെയർ എന്നാണ് റാഷ്ഫോർഡിനെക്കുറിച്ച് കാസമിറോയുടെ അഭിപ്രായം.
” അങ്ങേയറ്റം സത്യസന്ധതയോടെയാണ് ഞാൻ പറയുന്നത്. റാഷ്ഫോർഡിന്റെ പ്രകടനത്തിൽ ഞാൻ അത്ഭുതപ്പെട്ട് പോയി.
അവനെ ഗ്രൗണ്ടിൽ നന്നായി അറിയുന്ന ആളെന്ന നിലയിൽ, എന്റെ അഭിപ്രായത്തിൽ ലോകത്തിലെ മികച്ച അഞ്ച് താരങ്ങളിലൊരാളായി മാറാൻ ശേഷിയുള്ള കളിക്കാരണാണ് റാഷ്ഫോർഡ്. അതിന് പക്ഷെ നല്ല അധ്വാനം ആവശ്യമുണ്ട്,’ കസമിറോ എ.എസ്.പി.എനിനോട് പറഞ്ഞു.