national news
'വെറുപ്പിനോട് സ്നേഹത്തോടെ പ്രതികരിക്കുമെന്ന് പറഞ്ഞവന്‍'; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം
രാഗേന്ദു. പി.ആര്‍
3 days ago
Wednesday, 18th December 2024, 4:43 pm

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. കര്‍കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്‌പേയാണ് ഉമറിന് ജാമ്യം അനുവദിച്ചത്.

ഏഴ് ദിവസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം.

Umar Khalid

കേസുമായി ബന്ധപ്പെട്ട സാക്ഷികളുമായി ബന്ധപ്പെടരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.

2024 സെപ്റ്റംബര്‍ 14ന്, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു)യിലെ വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് അറസ്റ്റിലായിട്ട് നാല് വര്‍ഷം പൂര്‍ത്തിയായിരുന്നു. അതായത് ഉമര്‍ ഖാലിദിന്റെ തടങ്കല്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരുന്നുവെന്ന് അര്‍ത്ഥം.

ഇതോടെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ വിചാരണ നടത്താന്‍ തയ്യാറാവാത്ത നിയമവ്യവസ്ഥിതികള്‍ക്ക് മുമ്പില്‍ ബലിയാടാവുന്ന മറ്റൊരു മനുഷ്യന്‍ കൂടിയായി ഉമര്‍ ഖാലിദ് മാറിയിരുന്നു.

2020 ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്ത് നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഖാലിദാണെന്നാണ് ദല്‍ഹി പൊലീസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് 2020 സെപ്റ്റംബര്‍ 14ന് ഉമര്‍ ഖാലിദ് അറസ്റ്റിലാകുകയായിരുന്നു.

നാല് വര്‍ഷം മുമ്പ് രാജ്യത്തുടനീളമായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെതിരെ തീവ്രവലതുപക്ഷ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയുണ്ടായ കലാപത്തില്‍ 53 പേര്‍ മരിക്കുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉമര്‍ ഖാലിദിന് പുറമെ ഷര്‍ജീല്‍ ഇമാം തുടങ്ങി ജെ.എന്‍.യുവിലെ നിരവധി വിദ്യാര്‍ത്ഥി നേതാക്കളെയാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നിലധികം തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്. തീവ്രവാദബന്ധം ആരോപിക്കുന്ന ഒരു സാക്ഷിമൊഴി പോലും തനിക്കെതിരെ ഇല്ലെന്നും തന്നില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഉമര്‍ ഖാലിദ് മുമ്പ് കോടതിയോട് പറഞ്ഞിട്ടുണ്ട്. തന്നേക്കാള്‍ വലിയ ആരോപണങ്ങള്‍ നേരിടുന്നവര്‍ ജാമ്യത്തില്‍ കഴിയുകയാണെന്നും ഉമര്‍ ഖാലിദ് കോടതിയെ അറിയിച്ചിരുന്നു.

അഴിമതി കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും മറ്റും പ്രതികളായവര്‍ ജാമ്യത്തിലിറങ്ങുകയും ചെയ്യുന്ന സാഹചര്യത്തെ ഉദ്ധരിച്ചായിരുന്നു ഉമറിന്റെ പരാമര്‍ശം. അതേസമയം ആറ് തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയില്‍ നിന്നുള്ള ജാമ്യാപേക്ഷ പിന്‍വലിക്കുകയും ചെയ്തിരുന്നു.

രണ്ട് തവണ ദല്‍ഹി ഹൈക്കോടതിയും ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളുകയുണ്ടായി. ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഒന്നിലധികം തവണ ദല്‍ഹി ഹൈക്കോടതി പിന്മാറുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ സുപ്രീം കോടതിയുടെ നടപടിയില്‍ ‘കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ എത്ര കാലം നിങ്ങള്‍ അവനെ ജയിലില്‍ അടയ്ക്കും’ എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ചോദിച്ചിരുന്നു. ഉമര്‍ ഖാലിദിന്റെ അറസ്റ്റിനെ അപലപിച്ച് പ്രശസ്ത പണ്ഡിതനായ നോം ചോംസ്‌കി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ദീര്‍ഘകാലം ഒരാളെ വിചാരണ തടവിലിടുന്നത് തെറ്റാണെന്നും അപലപനീയമാണെന്നുമാണ് നോം ചോംസ്‌കി പ്രതികരിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ദലിത് സോളിഡാരിറ്റി ഫോറം, ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷനല്‍ എന്നീ സംഘടനകളും ഉമര്‍ ഖാലിദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി.

ഉമര്‍ ഖാലിദിനെതിരായ നടപടിയില്‍ അദ്ദേഹത്തിന്റെ പങ്കാളിയായായ ബനോജ്യോത്സ്ന ലാഹിരിയും രൂക്ഷമായി പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്.

‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനും നല്ലൊരു ഇന്ത്യയെന്ന സ്വപ്നം കാണാന്‍ ധൈര്യം കാണിച്ചതിനും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആദ്യമേ അറിയാമായിരുന്നു. ആ ഭയം ഞങ്ങളെ നിശബ്ദരാക്കിയോ? ഇല്ല, ഒരിക്കലുമില്ല. ഇനി ഞങ്ങള്‍ നിശബ്ദരാക്കപ്പെടുമോ,’ എന്നായിരുന്നു ലാഹിരിയുടെ പ്രതികരണം.

ദല്‍ഹിയിലെ ചാന്ദ്ബാഗില്‍ നടന്ന കലാപ കേസുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെതിരെ 2020 ജൂലൈയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍, അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഉമര്‍ ഖാലിദും താഹിര്‍ ഹുസൈനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിച്ചിരുന്നു.

2020 മാര്‍ച്ച് ആറിനാണ് ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ഉമറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ദല്‍ഹിയില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ഉമറും സുഹൃത്തുക്കളും ഗൂഢാലോചന നടത്തിയെന്നായിരുന്നു എഫ്.ഐ.ആര്‍. എന്നാല്‍, ബി.ജെ.പി ഐ.ടി സെല്ലുകള്‍ നിര്‍മിച്ച വീഡിയോ ദൃശ്യങ്ങളായിരുന്നു ഉമറിന്റെ പ്രസംഗമെന്ന പേരില്‍ ചാനലുകള്‍ പ്രചരിപ്പിച്ചതെന്ന് ഉമറിന്റെ അഭിഭാഷകന്‍ ത്രിദീപ് പയസ് ദല്‍ഹി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടുകയുമുണ്ടായി.

Content Highlight: ‘He who said he would respond to hate with love’; Umar Khalid granted interim bail

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.