| Sunday, 2nd April 2023, 5:41 pm

കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയത് പൊലീസുകാരുടെ തല്ല് കൊള്ളാനല്ല; കൊച്ചിയില്‍ പൊലീസ് മര്‍ദനത്തിനിരയായ റിനീഷിന്റെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്റെ മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മര്‍ദനത്തില്‍ ഞരമ്പ് പൊട്ടിയിരുന്നെങ്കില്‍ മരിക്കുമായിരുന്നില്ലേ എന്നും
കൊച്ചിയില്‍ പൊലീസിന്റെ മര്‍ദനത്തിനിരയായ റിനീഷിന്റെ അമ്മ. പൊലീസ് ക്രൂരതക്കെതിരെ പരാതി നല്‍കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇനി ഒരു മക്കള്‍ക്കും ഈ ഗതി ഉണ്ടാകരുത്. എന്റെ മകന്‍ തെറ്റ് ചെയ്തിട്ടില്ല, അവനെ 29 വയസ് വരെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയത് പൊലീസുകാരുടെ തല്ല് കൊള്ളാനല്ല,

അവന്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷേ അവന്‍ തെറ്റ് ചെയ്തിട്ടില്ല. എന്റെ മകനെ അടിച്ച് നശിപ്പിച്ചു കളഞ്ഞു. ഇന്ന് വായ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സ്‌കാന്‍ ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ്. പൊലീസുകാര്‍ അടിച്ചിട്ട് വടി ഒടിഞ്ഞു.

എന്റെ മകന്‍ അവിടെ കിടന്ന് കരയുകയായിരുന്നു. അടി കിട്ടി ഞരമ്പ് വല്ലതും പൊട്ടിപ്പോയാല്‍ എന്റെ മകന്‍ മരിച്ചു പോകും.

ഇവര്‍ ഇങ്ങനെ ചെയ്യുന്ന ദ്രോഹങ്ങള്‍ വീട്ടുകാര്‍ അറിയുന്നില്ല. എന്തായാലും ഞാന്‍ പരാതി കൊടുക്കും,’ അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാക്കനാട് സ്വദേശി റിനീഷ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ ക്രൂരതക്ക് ഇരയാകേണ്ടി വന്നത്.
തുടര്‍ന്ന് ഞായറാഴ്ച റിനീഷ് പരാതിയുമായെത്തുകയായിരുന്നു.

പാലത്തിനടിയില്‍ നിന്ന തന്നെ നോര്‍ത്ത് പൊലീസ് എസ്.എച്ച്.ഒ അകാരണമായി മര്‍ദിച്ചെന്നും കസ്റ്റഡിയിലെടുത്തെന്നുമാണ് പരാതിയുള്ളത്.

മര്‍ദനത്തിനിടെ പൊലീസ് തന്റെ മുഖത്തടിച്ചെന്നും ലാത്തിയുപയോഗിച്ച് കാലിനടിച്ചെന്നും റിനീഷ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മര്‍ദനത്തിന് ശേഷം സ്റ്റേഷനിലേക്ക് കൊണ്ട് പോയ താന്‍ തലകറങ്ങി വീണെന്നും ആശുപത്രിയില്‍ എത്തിയതിന് ശേഷം ഛര്‍ദ്ദിച്ചെന്നും റിനീഷ് പറഞ്ഞു.

‘ഞാനൊരു മാന്‍പവര്‍ കമ്പനി ജീവനക്കാരനാണ്. ഹോട്ടലുകളിലേക്ക് ജീവനക്കാരെ തപ്പിയിറങ്ങിയ ഞാന്‍ നോര്‍ത്ത് പാലത്തിനടിയില്‍ വിശ്രമിക്കുകയായിരുന്നു. എന്റെ കൂടെ വേറൊരു ഫീല്‍ഡ് ഓഫീസറും ഉണ്ടായിരുന്നു. ഞാന്‍ ആ സമയത്ത് ചെവിയില്‍ ഹെഡ്സെറ്റ് വെച്ച് പാട്ട് കേള്‍ക്കുകയായിരുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വടിയും കൊണ്ട് ഒരു പൊലീസുകാരന്‍ വന്നു. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. തണലായത് കൊണ്ട് ഇരുന്നതാണെന്ന് പറഞ്ഞപ്പോള്‍ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. വീട് എവിടെയാണെന്നൊക്കെ ചോദിച്ചു.

കാക്കനാടാണെന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് അവിടുന്ന് ഇവിടെ വരെ വന്നതെന്നൊക്കെ ചോദിച്ചു. മൊബൈല്‍ കൊടുക്കാന്‍ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ പോക്കറ്റിലിട്ടു. പിന്നെ പരിശോധിക്കണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ കൊടുത്തു,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ റിനീഷിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് നോര്‍ത്ത് പൊലീസ് പറയുന്നത്.അതേസമയം കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കൊണ്ട് തൃക്കാക്കര എം.എല്‍.എ ഉമ തോമസും രംഗത്തെത്തി.

അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധവും നടന്നുകൊണ്ടിരിക്കുകയാണ്.

content highlight: He was brought up hard not to be beaten by the policemen; Rineesh’s mother who was beaten up by the police in Kochi

We use cookies to give you the best possible experience. Learn more