ബെംഗളൂരു: കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യത്തിന് ഭൂരിപക്ഷം കൂടുതലുണ്ടായിരിക്കെ ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലക്കെതിരെ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.
ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും ആര്‍.എസ്.എസുകാരനായ അദ്ദേഹത്തില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷുന്നതില്‍ അര്‍ത്ഥമില്ലെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
“”അദ്ദേഹം ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ഗുജറാത്തില്‍ മോദി സര്‍ക്കാരിന് കീഴില്‍ മന്ത്രിയായിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്രം പറയുന്നത് അദ്ദേഹം പാടെ അനുസരിക്കുന്നതില്‍ വലിയ അത്ഭുതമൊന്നും തോന്നാനില്ല”- അമരീന്ദര്‍ സിങ് പറയുന്നു.
ഗവര്‍ണറുടെ നടപടിക്കെതിരെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും രംഗത്തെത്തി. തമിഴ് നാട്ടില്‍ മോദി എങ്ങനെയാണ് ഗവര്‍ണറുടെ ഓഫീസിനെ ദുരുപയോഗം ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ അത് തന്നെയാണ് കര്‍ണാടകയിലും കാണുന്നത്. ഗവര്‍ണറുടെ പ്രവര്‍ത്തി ഭരണഘടനാവിരുദ്ധമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ ഇന്ന് രാവിലെയാണ് അധികാരമേറ്റത്. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമേ ഇന്നു സത്യപ്രതിജ്ഞ ചെയ്തുള്ളൂ.
15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രാത്രി വൈകി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത് കോണ്‍ഗ്രസിനു തിരിച്ചടിയായി.
104 എം.എല്‍.എമാരുടെയും ഒരു സ്വതന്ത്ര എം.എല്‍.എയുടെയും പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്കു വേണ്ടത്.