തീവ്രവാദത്തിന് മതമില്ലെന്നാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചത്; പ്രജ്ഞാ സിങ്ങിന് ഹേമന്ത് കര്‍ക്കറെയുടെ മകളുടെ മറുപടി
ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കറെയ്‌ക്കെതിരെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിങ് നടത്തിയ പരാമര്‍ശത്തിനെതിരെ കര്‍ക്കറെയുടെ മകള്‍ ജൂയി നവാറെ. പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവനയെ മഹത്വവത്കരിക്കാന്‍ തനിക്കു താല്‍പര്യമില്ലെന്നാണ് ജൂവി പറഞ്ഞത്.
‘ഹേമന്ത് കര്‍ക്കറെയെക്കുറിച്ച് മാത്രം സംസാരിക്കാനാണ് എനിക്കു താല്‍പര്യം. അദ്ദേഹം ഒരു റോള്‍ മോഡലായിരുന്നു. അഭിമാനത്തോടെ മാത്രമേ അദ്ദേഹത്തിന്റെ പേര് ഉയര്‍ത്താവൂ.’ നവാരെ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
തന്റെ അച്ഛനെ സംബന്ധിച്ച് തന്റെ രാജ്യം എന്നതായിരുന്നു ഏറ്റവും പ്രധാനം. മരണത്തില്‍പോലും അദ്ദേഹം അദ്ദേഹത്തിന്റെ രാജ്യത്തേയും നഗരത്തേയും സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ യൂണിഫോം ഇഷ്ടപ്പെട്ടിരുന്നു. അത് ഞങ്ങള്‍ക്കുമുമ്പില്‍ വച്ചു, സ്വന്തം ജീവിതത്തിനു മുമ്പില്‍ വെച്ചു. അത് എല്ലാവരും ഓര്‍ക്കണമെന്നാണ് തനിക്കു പറയാനുള്ളതെന്നും അവര്‍ പറഞ്ഞു.
തീവ്രവാദത്തിന് മതമില്ലെന്നാണ് തന്റെ പിതാവ് തന്നെ പഠിപ്പിച്ചതെന്നും നവാരെ പറഞ്ഞു.
ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നാണ് പ്രജ്ഞ പറഞ്ഞത്. ഭോപ്പാലില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് പ്രജ്ഞ കര്‍ക്കറെയെ അധിക്ഷേപിച്ചത്. 2008ലെ മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തനിക്ക് കസ്റ്റഡിയില്‍ വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നു പറഞ്ഞാണ് പ്രജ്ഞ ഹേമന്ത് കര്‍ക്കറെയ്‌ക്കെതിരെ രംഗത്തുവന്നത്.
സഹിക്കാവുന്നതിലുമപ്പുറമുള്ള പീഡനവും മര്‍ദ്ദനവുമാണ് അയാളില്‍ നിന്നും നേരിടേണ്ടിവന്നത്. മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ സിങ് ചോദിച്ചിരുന്നു.