കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് ശേഷം എന്‍.സി.പി തമ്മില്‍ ലയിക്കാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അങ്ങനെയൊന്നില്ലെന്ന് എന്‍സിപി തള്ളിയിരുന്നു. പക്ഷെ ഗാന്ധി കുടുംബവും പവാര്‍ കുടുംബവും തമ്മില്‍ കുറച്ചു കാലമായി അടുത്ത ബന്ധമാണുള്ളത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണം നടക്കുന്നതിനിടെ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടന്നിരുന്നു. വേദികളില്‍ നിന്ന് വേദികളിലേക്ക് രാഹുല്‍ ഓടവേ പൂനെയില്‍ ഒരു ദിവസം തങ്ങുകയും ചെയ്തു. പിറ്റേന്നാണ് സുപ്രിയയെ കാണുന്നത്. സുപ്രിയ ഒറ്റയ്ക്കായിരുന്നില്ല രാഹുലിനെ കാണാനെത്തിയത്. ശരത് പവാറിന്റെ കൊച്ചുമക്കളായ രോഹിതും പാര്‍ത്ഥവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും രാഹുലിനെ കാണാന്‍ പറ്റാതിരിക്കുമ്പോഴാണ് ഈ കൂടിക്കാഴ്ച നടന്നത്.
തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് നിര്‍ത്തുന്നതിനും തന്ത്രങ്ങള്‍ മെനയുവാനും കോണ്‍ഗ്രസിനോടൊപ്പം നിര്‍ത്തുന്നതിനും ശരത് പവാര്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. 1999ല്‍ സോണിയാഗാന്ധിയുടെ വിദേശ പൗരത്വം വിഷയമാക്കിയാണ് ശരത് പവാര്‍ കോണ്‍ഗ്രസ് വിടുന്നത്.
പവാര്‍ കോണ്‍ഗ്രസ് വിടുമ്പോള്‍ ഒപ്പം ഉണ്ടായിരുന്ന പ്രമുഖ നേതാക്കളൊന്നും തന്നെ ഇപ്പോള്‍ ഇല്ല. പിഎ സാംഗ്മ തന്റെ ജീവിതകാലത്ത് തന്നെ എന്‍.സി.പി വിട്ടിരുന്നു. താരിഖ് അന്‍വര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപോയി. ഇപ്പോള്‍ പവാര്‍ തന്നെയാണ് പാര്‍ട്ടിയുടെ എല്ലാം.
എന്‍സിപി കൂടുതല്‍ സമയത്തും കോണ്‍ഗ്രസിനോടൊപ്പം സഖ്യകക്ഷിയായി. ഒരേ പ്രത്യയശാസ്ത്രം പുലര്‍ത്തുന്ന ഇരുപാര്‍ട്ടികള്‍ക്കും മഹാരാഷ്ട്രയിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ സ്വാധീനമുണ്ട്. പരസ്പരം സഹായിക്കുന്നുണ്ട്.
1999ല്‍ അല്ല പവാര്‍ ആദ്യമായി കോണ്‍ഗ്രസ് വിടുന്നത്. 1978ല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് തിരിച്ച് കോണ്‍ഗ്രസില്‍ വരുന്നത് 1986ല്‍ രാജീവ് ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്നപ്പോഴാണ്.
എന്‍.സി.പി രൂപീകരിച്ചതിന് ശേഷം കോണ്‍ഗ്രസുമായി സഖ്യത്തിലെത്തി സംസ്ഥാനത്തും കേന്ദ്രത്തിലും സര്‍ക്കാരുകളുടെ ഭാഗമായി. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി പവാര്‍. വരെ നല്ല രീതിയില്‍ പോയ സഖ്യം 2014 നിയമസഭ തെരഞ്ഞെടുപ്പില്‍ വേര്‍പിരിഞ്ഞു. ഇരുപാര്‍ട്ടികളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചാണ് മത്സരിച്ചത്.
സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം എപ്പോഴും സഖ്യത്തിന്റെ നിയന്ത്രണം പവാറില്‍ മാത്രം കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിലാണ് വളരെ വലിയ വ്യത്യാസം വരുന്നത്. രാഹുലും പവാറും തുടര്‍ച്ചയായി കണ്ടു. ഇരുവരും തമ്മിലുള്ള ബന്ധം ഗാഢമായി.