| Tuesday, 7th March 2023, 11:00 pm

കളി കഴിയുമ്പോ എംബാപ്പെയുടെ ചിരിയൊക്കെ മായും; ഭീഷണിയുമായി ബയേൺ മ്യൂണിക്ക് സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ബയേണിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് പി.എസ്.ജി പരാജയപ്പെട്ടിരുന്നു.

ഇതോടെ മാർച്ച് ഒമ്പതിന് നടക്കുന്ന രണ്ടാം പാദ സെമിയിൽ ബയേണിനെ രണ്ട് ഗോൾ വ്യത്യാസത്തിനെങ്കിലും തോൽപ്പിച്ചാലെ പി.എസ്.ജിക്ക് ക്വാർട്ടർ ഫൈനൽ കടക്കാൻ സാധിക്കൂ എന്ന അവസ്ഥയാണുള്ളത്.

എന്നാലിപ്പോൾ രണ്ടാം പാദ മത്സരത്തിന് മുമ്പ് പി.എസ്.ജി സൂപ്പർ താരം എംബാപ്പെക്ക് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബയേൺ മുന്നേറ്റനിര താരമായ തോമസ് മുള്ളർ.

എംബാപ്പെക്ക് ആത്മവിശ്വാസമുണ്ടെന്ന് തനിക്ക് അറിയാമെന്നും, എന്നാൽ മത്സരം കഴിയുമ്പോൾ വലിയ സന്തോഷമൊന്നും എംബാപ്പെയുടെ മുഖത്തുണ്ടാവില്ലെന്നുമാണ് തോമസ് മുള്ളർ അഭിപ്രായപ്പെട്ടത്.

ആർ.എം.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് എംബാപ്പെക്ക് മുള്ളർ മുന്നറിയിപ്പ് നൽകിയത്.

“എനിക്ക് എംബാപ്പെയെ നന്നായി അറിയാം. അദ്ദേഹം സ്വയം ആത്മവിശ്വാസം ഉള്ള കൂട്ടത്തിലാണ്. ലോകത്തിന് മുഴുവൻ അദ്ദേഹത്തിന്റെ കളി കാണാൻ ആഗ്രഹമുണ്ട്. പക്ഷെ ഞങ്ങളുടെ പദ്ധതികൾ വിജയിക്കുകയാണെങ്കിൽ വലിയ ചിരിയൊന്നും കളി കഴിയുമ്പോൾ എംബാപ്പെയുടെ മുഖത്ത് കാണില്ല,’ തോമസ് മുള്ളർ പറഞ്ഞു.

കൂടാതെ ഫുട്ബോളിൽ എന്ത് അനശ്ചിതത്വവും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പി.എസ്.ജിക്കായി ധാരാളം ഗോൾ നേടിയ താരമാണ് എംബാപ്പെ. പക്ഷെ ഫുട്ബോൾ ഒരു ടീം ഗെയിം ആണ്. എംബാപ്പെക്ക് പാസ് എത്താതെ നോക്കുകയും കൂടുതൽ സ്പെയ്സ് കിട്ടാതെ നോക്കുകയും ചെയ്താൽ മതി. എന്നാൽ മത്സരത്തിൽ എന്തും സംഭവിക്കാം, ചിലപ്പോൾ കളിയിൽ നമുക്ക് അനുകൂലമായ ഘടകങ്ങൾ പ്രതികൂലമായി മാറാം,’ തോമസ് മുള്ളർ പറഞ്ഞു.

പി.എസ്.ജിക്കായി ഈ സീസണിൽ 30 മത്സരങ്ങളിൽ നിന്നും 30 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം.
അതേസമയം ലീഗ് വണ്ണിൽ നിലവിൽ 26 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളുമായി 63 പോയിന്റാണ് പി.എസ്.ജിയുടെ സമ്പാദ്യം.

ബുണ്ടസ് ലിഗയിൽ 23 മത്സരങ്ങളിൽ നിന്നും 14 വിജയങ്ങളോടെ 49 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബയേൺ.

Content Highlights:He’s not going to have fun tomorrow Thomas Muller sends message to Kylian Mbappe

We use cookies to give you the best possible experience. Learn more