|

സിനിമയിലഭിനയിച്ചതിനുള്ള ഈഗോയുടെ പുറത്താണ് മറിമായത്തില്‍ നിന്ന് മാറ്റിയത്; സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരെ രചന നാരായണന്‍ കുട്ടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിഷാ സാരംഗിന് പിന്നാലെ ഉപ്പും മുളകും സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരെ ആരോപണവുമായി നടി രചന നാരായണന്‍ കുട്ടി. ആര്‍. ഉണ്ണികൃഷ്ണന്റെ ഈഗോയുടെ ഇരയാണ് താനെന്ന് രചന വ്യക്തമാക്കി.

ഉണ്ണികൃഷ്ണന്റെ ഈഗോയുടെ പുറത്താണ് തന്നെ മറിമായം എന്ന ആക്ഷേപഹാസ്യ സീരിയലില്‍ നിന്ന് പുറത്താക്കിയതെന്ന് രചന വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു രചനയുടെ വെളിപ്പെടുത്തല്‍.

“”ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് മറിമായത്തിന്റെ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടെന്ന് അദ്ദേഹം പെട്ടെന്ന് വിളിച്ച് പറഞ്ഞു. എന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയത്. ആ സമയത്ത് അത് ഭയങ്കര വിഷമം ഉണ്ടാക്കിയിരുന്നു””. എന്നാണ് രചന പറഞ്ഞത്


Also Read ഇനിയും പെണ്‍കുട്ടികളുണ്ട്, അവരുടെ തൊഴിലിടങ്ങള്‍ സുരക്ഷിതമാക്കണം


സംവിധായകന്റെ ദ്രോഹങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ നടി നിഷ സാരംഗിന് താരസംഘടനയായ എ.എം.എം.എയുടെ പൂര്‍ണപിന്തുണയുണ്ടെന്നും സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷയെ വിളിച്ചിരുന്നെന്നും രചന വ്യക്തമാക്കി.

ഉപ്പും മുളകും സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് സീരിയല്‍ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുന്ന ഉപ്പും മുളകും സീരിയലില്‍ നിന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നും നിരന്തരമായ ശല്യം പരാതിപ്പെട്ടതിന്റെ പകയാണിതെന്നും നിഷ പറഞ്ഞിരുന്നു.

നിഷയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഡബ്ല്യു.സി.സി.യും ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചാനലിനെതിരെയും സംവിധായകനെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമായിരുന്നു നടന്നത്.


Also Read നിഷ സാരംഗിന്റെ വെളിപ്പെടുത്തല്‍; സംവിധായകനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു


എന്നാല്‍, പ്രതിഷേധത്തിനൊടുവില്‍ നിഷയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും നിഷ പരമ്പരയില്‍ തുടര്‍ന്നും അഭിനയിക്കുമെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞുവെങ്കിലും സംവിധായകനെ മാറ്റാതെ പരമ്പരയില്‍ അഭിനയിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു നിഷ സാരംഗ്.