Advertisement
Film News
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഈ ആഴ്ചയില്ല; പുതിയ റിലീസ് തീയതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 17, 02:14 am
Friday, 17th February 2023, 7:44 am

ഭാവന നായികയാവുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍ റിലീസ് ഡേറ്റ് മാറ്റിവെക്കുന്നുവെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ രാജേഷ് കൃഷ്ണ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഫെബ്രുവരി 24ന് സിനിമ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാന്‍ കഴിയാത്ത ചില കാരണങ്ങളാല്‍ ന്റിക്കാക്കയ്‌ക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രം നാളെ 17ന് ന് റിലീസ് ചെയ്യാന്‍ സാധിക്കില്ലന്ന വിവരം ഖേദപൂര്‍വം അറിയിക്കുന്നു. നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. അടുത്ത വെള്ളിയാഴ്ച 24 ഫെബ്രുവരി ഞങ്ങള്‍ നിങ്ങളെ തിയേറ്ററില്‍ പ്രതീക്ഷിക്കുന്നു,’ രാജേഷ് കുറിച്ചു.

അഞ്ച് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് ഭാവന തിരിച്ചുവരുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് തന്നെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന്റെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.

2017ല്‍ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവന ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രം. ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ത്രില്ലറാണ്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. ഡോ. കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.

Content Highlight: The release date of the movie Ntikakkakkoru Premandarn has been changed