സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ വിജയതീരമണയിക്കുന്നതില്‍ അക്‌സര്‍ പട്ടേലിന്റെ ഓള്‍ റൗണ്ട് മികവ് വലിയ പങ്കുവഹിച്ചിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സിനെതിരെ 145 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയപ്പോള്‍ അതില്‍ 34 റണ്‍സായിരുന്നു അക്‌സറിന്റെ സംഭാവന. ബൗളിങ്ങിനിറങ്ങിയപ്പോള്‍ നാലോവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടാനും അക്‌സറിന് കഴിഞ്ഞിരുന്നു.
ദല്‍ഹി ഏഴ് റണ്‍സ് വിജയം നേടിയ മത്സരത്തില്‍ അക്‌സറിന്റെ ബൗളിങ് പ്രകടനം വളരെ നിര്‍ണായകമായിരുന്നു. സണ്‍റൈസേഴ്‌സ് നിരയിലെ രണ്ട് പ്രധാനപ്പെട്ട വിക്കറ്റുകളായിരുന്നു അക്‌സര്‍ നേടിയത്. മായങ്ക് അഗര്‍വാള്‍ എയ്ഡന്‍ മാര്‍ക്രം എന്നിവരായിരുന്നു അക്‌സറിന്റെ ഇരകള്‍. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ അക്‌സറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. അക്‌സര്‍ വളരെ മൂല്യമുള്ള താരമാണെന്നും ദല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റ് ഈ ഓള്‍റൗണ്ടറെ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നുമാണ് ചോപ്ര പറയുന്നത്.
‘ബാപു (അക്‌സര്‍) വളരെ മൂല്യമുള്ള താരമാണെന്നതില്‍ ഒരു സംശയവുമില്ല. അവന്‍ വളരെ സ്ഥിരതയുള്ള കളിക്കാരനാണ്, പോണ്ടിങ്ങും ഗാംഗുലിയുമുള്‍പ്പെട്ട ദല്‍ഹി മാനേജ്‌മെന്റ് വേണ്ടവിധം താരത്തെ ഉപയോഗിക്കുന്നില്ലെന്ന് അവന്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്, അവര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ അവനെ ഉപയോഗിക്കാവുന്നതാണ്. എല്ലാ തവണയും അവന്‍ തന്റെ ബാറ്റ് കൊണ്ടും അത് തെളിയിക്കുന്നുണ്ട്,’ ചോപ്ര പറഞ്ഞു.
ഒരു ബാറ്റര്‍ പോലും അര്‍ധസെഞ്ച്വറി നേടാത്ത, ബൗളിങ്ങിനെ തുണച്ച പിച്ചില്‍ അക്‌സര്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും ചോപ്ര പറഞ്ഞു. ബാറ്റിങ് ഓര്‍ഡറില്‍ അക്‌സറിന് സ്ഥാനക്കയറ്റം നല്‍കണമെന്നും ചോപ്ര ആവശ്യപ്പെട്ടു.
മത്സരത്തില്‍ എട്ട് ഓവറുകള്‍ പിന്നിട്ടപ്പോള്‍ 62 റണ്‍സ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് നില പരുങ്ങലിലായ ദല്‍ഹിയെ അക്‌സറിന്റെ പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ താരം മനീഷ് പാണ്ഡേക്കൊപ്പം ടീമിനെ തകര്‍ച്ചയില്‍ നിന്ന് പതുക്കെ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നേടിയ 69 റണ്‍സിന്റെ കൂട്ടുകെട്ട് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 27 പന്തില്‍ നിന്ന് 34 റണ്‍സായിരുന്നു കൂട്ടുകെട്ടില്‍ പാണ്ഡേയുടെ സംഭാവന.
Content Highlights: He proved Ganguly and Ponting were wrong