മുംബൈ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ മദര്‍ ജനറല്‍ സ്ഥലം മാറ്റിയത് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ അറിയാതെന്ന് തെളിയിക്കുന്ന കത്ത് പുറത്ത്. ബിഷപ്പ് ആഗ്നലോ ഗ്രേശ്യസ് കന്യാസ്ത്രീകള്‍ക്കയച്ച ഇ-മെയിലിലാണ് ഇക്കാര്യം വെളിവാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
തന്റെ അനുമതിയില്ലാതെ ഇനി മദര്‍ ജനറല്‍ ഒരു കത്ത് പോലും കന്യാസത്രീകള്‍ക്ക് നല്‍കരുതെന്ന കടുത്ത നിര്‍ദേശവും ആഗ്നലോ കത്തില്‍ നല്‍കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനം ഇപ്പോഴും കന്യാസ്ത്രീകള്‍ ഉള്‍പ്പെടുന്ന സന്യാസിനീ സമൂഹത്തില്‍ ഉണ്ടെന്നതിന് തെളിവാണ് ആഗ്നലോയുടെ കത്തെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കന്യാസ്ത്രീകള്‍ക്കെതിരെ കുടത്ത നടപടി ഉണ്ടായിട്ടും ആ വിവരം അഡ്മിനിസ്‌ട്രേറ്റര്‍ അറിഞ്ഞില്ലെന്നാണ് കത്തിലൂടെ വെളിവാകുന്നത്.
സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ നീന റോസ് നല്‍കിയ കത്ത് കണ്ട് അല്‍ഭുതപ്പെട്ടെന്ന് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ കത്തില്‍ പറയുന്നുണ്ട്. ഇനി തന്റെ അനുമതിയില്ലാതെ അഞ്ച് കന്യാസ്്ത്രീകള്‍ക്ക് കത്ത് നല്‍കരുതെന്നും ഈ നിര്‍ദേശം മദറും അനുസരിക്കണമെന്ന് ആഗ്നലോ ആവശ്യപ്പെടുന്നു.
കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട് മഠം വിടേണ്ടെന്ന നിര്‍ദേശവും അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കുന്നുണ്ട്. രൂപതാ അധികാരിയെന്ന നിലയ്ക്ക് മഠത്തില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് പറഞ്ഞ അഡ്മിനിസ്‌ട്രേറ്റര്‍ മദറിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചു.