| Sunday, 18th June 2023, 11:55 pm

വിവാഹത്തിന് മുന്‍പ് പൊലീസ് വധുവിനെ കൊണ്ടുപോയി; മജിസ്‌ട്രേറ്റിന് മുന്‍പില്‍ യുവാവിനൊപ്പം പോകണമെന്ന് യുവതി; ഒടുവില്‍ ഒന്നിക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കോവളത്ത് വിവാഹത്തിന് തൊട്ടു മുന്‍പ് ക്ഷേത്ര പരിസരത്ത് നിന്നും പൊലീസ് കൊണ്ടുപോയ പെണ്‍കുട്ടിയെ വരനൊപ്പം വിട്ട് മജിസ്‌ട്രേറ്റ്. കോവളം കെ.എസ് റോഡിന് സമീപത്തെ ക്ഷേത്രത്തില്‍ വെച്ച് അഖിലും ആല്‍ഫിയയും വിവാഹം കഴിക്കാനിരിക്കെയായിരുന്നു പൊലീസ് ബലം പ്രയോഗിച്ച് ആല്‍ഫിയയെ കൊണ്ടു പോയത്.

എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് അഖിലിനൊടൊപ്പം പോയാല്‍ മതിയെന്ന് ആല്‍ഫിയ പറയുകയായിരുന്നു. ഇതോടെ മജിസ്‌ട്രേറ്റ് ആല്‍ഫിയയെ അഖിലിനൊടൊപ്പം വിട്ടു.

ആല്‍ഫിയയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഇവരെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. കോവളം പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആല്‍ഫിയയെ ആദ്യം കൊണ്ടുപോയത്. കൂടെ ബന്ധുക്കളും ഉണ്ടായിരുന്നു. കൂടെ പോകാന്‍ തയ്യാറാകാതിരുന്ന ഇവരെ പൊലീസ് ബലം പ്രയോഗിച്ചായിരുന്നു വണ്ടിയില്‍ കയറ്റിയത്.

ആല്‍ഫിയയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണെന്ന് നടപടിയെന്ന് പാലീസ് പറഞ്ഞു. എന്നാല്‍ ആല്‍ഫിയ തന്നോടൊപ്പം കോവളത്തെത്തിയ വിവരം വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും അവര്‍ കോവളത്ത് എത്തി കോവളം പൊലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും അഖില്‍ പറഞ്ഞു.

തന്നോടൊപ്പം വരുകയാണ് വേണ്ടതെന്ന് ആല്‍ഫിയ പറഞ്ഞിരുന്നതാണെന്നും അഖില്‍ പറഞ്ഞു. പിന്നീടാണ് കായംകുളം പൊലീസിന്റെ ഈ നടപടിയെന്ന് അഖില്‍ പറഞ്ഞു. സംഭവത്തില്‍ കായംകുളം പൊലീസിന്റെ നടപടിക്കെതിരെ അഖില്‍ കോവളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlight: The magistrate allowed girl to go with boy

We use cookies to give you the best possible experience. Learn more