| Sunday, 28th April 2019, 11:50 am

'അവന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചത് തെറ്റായ ആളുകളില്‍ നിന്ന്, മരിച്ചതില്‍ സന്തോഷമുണ്ട്' ; ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെക്കുറിച്ച് സഹോദരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: സഹോദരന്‍ ജീവിച്ചിരിപ്പില്ലയെന്നതില്‍ സന്തോഷമുണ്ടെന്ന് ശ്രീലങ്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാന്‍ ഹാഷിമിന്റെ സഹോദരി മധാനിയ. തെറ്റായ ആളുകളില്‍ നിന്നാണ് അവന്‍ ഹദീസുകള്‍ പഠിച്ചത്. അതുകൊണ്ടാണ് അവന് ദൈവത്തെ നഷ്ടമായതെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പസിനോടു സംസാരിക്കുകയായിരുന്നു അവര്‍.

‘അവന്‍ പ്രസംഗങ്ങളിലൂടെ വിഷം ചീറ്റാന്‍ തുടങ്ങിയതോടെ 2017നുശേഷം ഞങ്ങള്‍ പരസ്പരം സംസാരിക്കാറില്ലായിരുന്നു. കൗമാരകാലം തൊട്ടേ അവന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന ഇസ്‌ലാമിക പ്രഭാഷകനായിരുന്നു. പക്ഷേ അവന്‍ സര്‍ക്കാറിനും ദേശീയ പതാകയ്ക്കും തെരഞ്ഞെടുപ്പിനും മറ്റു മതങ്ങള്‍ക്കും എതിരെ സംസാരിക്കാന്‍ തുടങ്ങിയതോടെ എനിക്കത് അംഗീകരിക്കാനായില്ല. അവനാണ് ഞങ്ങളുടെ കുടുംബത്തിന് ഈ ദുരന്തം വരുത്തിവെച്ചത്.’ അവര്‍ വിശദീകരിക്കുന്നു.

ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുള്ള മുസ്‌ലിം ഭൂരിപക്ഷ മേഖലയായ കറ്റാന്‍കുടി സ്വദേശിയാണ് മധാനിയ. നാഷണല്‍ തൗഹീദ്‌ ജമാഅത്ത് മസ്ജിദിന് 100 കിലോമീറ്ററിനുള്ളിലാണ് മധാനിയയുടെ ഭര്‍ത്താവായ നിയാസിന്റെ വീട്. ഈ പള്ളിയില്‍വെച്ചാണ് സഹ്രാന്‍ മതതീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് ആരോപണം.

രണ്ടുവര്‍ഷമായി ശനിയാഴ്ച വൈകുന്നേരങ്ങളില്‍ ഈ പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങളാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനമാണ് ശരിയെന്ന നിലപാടായിരുന്നു സഹ്രാന്റേതെന്നാണ് മധാനിയ പറയുന്നത്. ‘മറ്റു മതങ്ങളെയും മോഡറേറ്റ് ഇസ്‌ലാമിനേയും സൂഫികളേയും കുറ്റപ്പെടുത്തും. സൂഫികളെ ഡ്രഗ് അഡിക്ടുകളെന്നും പുകവലിക്കാരെന്നും വിളിക്കും. അവന്റെ പോക്ക് അപകടത്തിലേക്കാണെന്ന് തോന്നിയതോടെ എന്റെ ഭര്‍ത്താവ് അവനില്‍ നിന്നും അകന്നു. പൊലീസ് അതിനകം തന്നെ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു’ അവര്‍ വിശദീകരിക്കുന്നു.

സഹ്രാനുമായുള്ള ബന്ധം വേണ്ടെന്നുവെച്ചെങ്കിലും സമീപത്തെ തെരുവില്‍ തന്റെ സഹോദരിമാര്‍ക്കൊപ്പം താമസിക്കുന്ന മാതാപിതാക്കള്‍ക്ക് മധാനിയ ഭക്ഷണം എത്തിച്ചു നല്‍കുമായിരുന്നു. ‘പക്ഷേ ഏപ്രില്‍ 18ന് പെട്ടെന്ന് അവരെ കാണാതായി. വെള്ളിയാഴ്ച അയല്‍ക്കാരാണ് പറഞ്ഞത് അവര്‍ വീട്ടിലില്ലെന്ന്. അവരുടെ ഫോണും സ്വിച്ഛ് ഓഫായിരുന്നു. പിന്നീട് സ്‌ഫോടനം നടന്നു. സഹ്രാനായിരുന്നു അതിനു പിന്നിലെന്ന് ഞങ്ങള്‍ അറിഞ്ഞു.’ അവര്‍ പറയുന്നു.

കുടുംബം മുഴുവന്‍ തന്നെ വിട്ട് പോയിട്ടുണ്ടാവാമെന്നാണ് അവര്‍ പറയുന്നത്. ലോകത്തിനുനേരെയുള്ള സഹ്രാന്റെ വിദ്വേഷത്തെ ശക്തമായി എതിര്‍ത്തതുകൊണ്ടാവാം താനും നിയാസും ബാക്കിയായതെന്നും അവര്‍ പറയുന്നു.

സഹ്രാന്‍ ആറാം ക്ലാസില്‍ പഠനം നിര്‍ത്തിയെന്നാണ് മധാനിയ പറയുന്നത്. പക്ഷേ ഇസ്‌ലാമിക പഠനങ്ങളോട് വലിയ താല്‍പര്യമായിരുന്നു. ഖുറാന്‍ ഓര്‍ക്കാനായി അറബിയില്‍ ഒരു കോഴ്‌സ് പൂര്‍ത്തിയാക്കി. ഇസ്‌ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അവന്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. 2006ല്‍ അവന്‍ ഒരു ഇസ്‌ലാമിക പഠന കേന്ദ്രം തുടങ്ങി. ‘തെറ്റായ ആളുകളില്‍ നിന്ന് ഹദീസ് പഠിച്ചതുകൊണ്ടാണ് അവന് ദൈവത്തെ നഷ്ടപ്പെട്ടത്. അവന്‍ പഠിച്ചത് ജനങ്ങളെ കൊല്ലാനായിരുന്നു. അവന്‍ ഇന്ന് ജീവിച്ചിരിപ്പില്ലയെന്നതില്‍ എനിക്കു സന്തോഷമുണ്ട്.’ അവര്‍ പറഞ്ഞു.

ഏപ്രില്‍ 21ന് കൊളംബോയിലെ ഷാന്‍ഗ്രിലാ ഹോട്ടലില്‍ സഹ്രാന്‍ ഹാഷിം ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more