പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷപരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബീഹാറിലെ ബാല്‍മീകി നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് മോദിയുടെ വാഗ്ദാനങ്ങളെ രാഹുല്‍ കണക്കറ്റ് പരിഹസിച്ചത്.
2 കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് ഇപ്പോള്‍ ഒരു പ്രസംഗങ്ങളിലും പ്രധാനമന്ത്രി പറയുന്നില്ല. താന്‍ പറയുന്നത് കള്ളമാണെന്ന് അദ്ദേഹത്തിന് അറിയാം. കേള്‍ക്കുന്നവര്‍ക്കും അതറിയാമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്.
ഇനി അഥവാ പ്രധാനമന്ത്രി ഇവിടെ വന്ന് 2 കോടി ജോലികള്‍ നല്‍കുമെന്ന് പറഞ്ഞാല്‍ ജനക്കൂട്ടം അദ്ദേഹത്തെ ഓടിക്കും എന്നായിരുന്നു രാഹുല്‍ ബാല്‍മീകി നഗറിലെ റാലിയില്‍ പറഞ്ഞത്.
ബീഹാര്‍ ജനതയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലികള്‍ പോകേണ്ടിവരുന്നത് എന്തുകൊണ്ടാണ്. നമ്മുടെ ബീഹാറിലെ സഹോദരീസഹോദരന്മാര്‍ക്ക് എന്തെങ്കിലും കുറവുണ്ടായിട്ടാണോ അല്ല, മറിച്ച് നിങ്ങളുടെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കഴിവില്ലാഞ്ഞിട്ടാണ്.
നോട്ട് നിരോധനം പോലെയുള്ള അവസാന നിമിഷത്തിലെ അദ്ദേഹത്തിന്റെ പരീക്ഷണമായിരുന്നു ലോക്ക് ഡൗണും. രണ്ടിലും മധ്യവര്‍ഗവും ഇടത്തരക്കാരും ദുരിതമനുഭവിച്ചു, അതേസമയം വമ്പന്‍ വ്യവസായികള്‍ക്ക് ഇത് ഗുണമായി, രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തവണ ഇവിടെയെത്തിയപ്പോള്‍ ഇവിടെ ഒരു പഞ്ചസാര ഫാക്ടറി സ്ഥാപിക്കുമെന്നും എല്ലാവരുമൊപ്പം ചായ കുടിക്കുമെന്നും വാഗ്ദാനം ചെയ്തു. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? അദ്ദേഹം നിങ്ങളോടൊപ്പം ചായ കുടിച്ചോ? രാഹുല്‍ ഗാന്ധി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപം പഞ്ചാബില്‍ കര്‍ഷകര്‍ കത്തിക്കുന്നത് കണ്ട് താന്‍ ആശ്ചര്യപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു. ഇത് ദു:ഖകരമാണ്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കോലം കര്‍ഷകര്‍ക്ക് കത്തിക്കേണ്ടി വരുന്നു. സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ പഞ്ചാബ് കര്‍ഷകര്‍ക്ക് അദ്ദേഹത്തെ ഇങ്ങനെ ചെയ്യാനാണ് തോന്നുന്നത്.
2006 ല്‍ നിതീഷ് കുമാര്‍ ബീഹാറിനോട് ചെയ്തത് തന്നെയാണ് പ്രധാനമന്ത്രി മോദി പഞ്ചാബിനോടും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോടും ചെയ്തുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.
ബീഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ പ്രചരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തുണ്ട്.
ബീഹാറിന് സ്വയം പര്യാപ്തത നേടാന്‍ ആത്മനിര്‍ഭര്‍ ഭാരതും ആത്മനിര്‍ഭര്‍ മിഥിലാഞ്ചലും അനിവാര്യമാണെന്നായിരുന്നു ഇന്നത്തെ റാലിയില്‍ മോദി പറഞ്ഞത്. ബീഹാറിലെ ജനങ്ങള്‍ മഹാസഖ്യത്തെ കരുതിയിരിക്കണമെന്നും മോദി പറഞ്ഞിരുന്നു.
16 ജില്ലകളിലായി 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് ബീഹാറില്‍ ആരംഭിച്ചത്.
കൊവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പോളിങ് ആണ് ബീഹാറിലേത്. മൊത്തം 1,066 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്, 31,371 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
2,14,84,787 വോട്ടര്‍മാര്‍ ആണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1,13,51,754 പേര്‍ പുരുഷന്മാരും 1,01,32,434 പേര്‍ സ്ത്രീകളും 599 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്.
തൊഴിലില്ലായ്മ, കുടിയേറ്റം, അഴിമതി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം മത്സരരംഗത്തുള്ളത്. നിതീഷ് കുമാറിനെതിരായ ഭരണ വിരുദ്ധ മനോഭാവം സംസ്ഥാനത്തുടനീളം ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക