ഇന്ത്യയുടെ ആഭ്യന്തര ടി-20 ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിലെ മത്സരങ്ങൾ പുരോഗമിക്കുകയാണ്. സീസണിന്റെ ആരംഭത്തിൽ തന്നെ ആവേശം ഒട്ടും ചോരാത്ത മത്സരങ്ങൾ ആരാധകരേയും ആവേശത്തിന്റെ കൊടിമുടിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
മത്സരങ്ങൾ നടന്ന് ദിവസങ്ങൾ പിന്നിട്ടാലും ചില മത്സരങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും വീണ്ടും ചർച്ചകളിലും സംവാദങ്ങളിലും മുഴുകുകയാണ് ആരാധകർ.
ആർ.സി.ബിക്കെതിരെ ഏപ്രിൽ ആറിന് നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശാർദുൽ താക്കൂറിനെ സമൂഹ മാധ്യമങ്ങളിലടക്കം പിന്തുണച്ച് ആരാധകർ രംഗത്ത് വന്നിരുന്നു.
ഇപ്പോൾ താരം കൊൽക്കത്തയിലെ ഇന്ത്യൻ റസലാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ കൊൽക്കത്ത ഓൾ റൗണ്ടർ താരമായ രജത് ഭാട്ടിയ.
ആർ.സി.ബിക്കെതിരെയുള്ള മത്സരത്തിൽ 29 പന്തുകൾ നേരിട്ട് ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 68 റൺസാണ് ശാർദുൽ താക്കൂർ സ്വന്തമാക്കിയത്.
ഇതോടെയാണ് താരത്തെ ഇന്ത്യൻ റസൽ എന്ന് വിശേഷിപ്പിച്ച് രജത് ഭാട്ടിയ രംഗത്തെത്തിയത്. മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച താരം ആ പ്രകടന മികവാണ് ഇന്ത്യൻ പ്രീമിയർ ലീഗിലും നിലനിർത്തുന്നത്.
ക്രിക്ക് ബസിനോട് സംസാരിക്കവെയായിരുന്നു ശാർദുൽ താക്കൂറിന്റെ പ്രകടന മികവിനെക്കുറിച്ച് രജത് ഭാട്ടിയ അഭിപ്രായപ്പെട്ടത്.
‘ശാർദുൽ ഇന്ത്യൻ റസലാണ്. റസലിനെപ്പോലെയാണ് ശാർദുൽ കളിക്കളത്തിൽ പെരുമാറുന്നത്.
അദ്ദേഹം മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റിൽ ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അന്ന് മികവോടെ കളിച്ചിരുന്ന അദ്ദേഹം ഇപ്പോൾ വീണ്ടും മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം ബാറ്റ് ചെയ്യുമ്പോൾ ഒരു യഥാർത്ഥ ഓൾ റൗണ്ടറെ നമുക്ക് കാണാൻ സാധിക്കും,’ രജത് ഭാട്ടിയ പറഞ്ഞു.
ബാറ്റിങ്ങിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ഷാർദുൽ ബൗളിങ്ങിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. രണ്ട് ഓവർ പന്തെറിഞ്ഞ താരം 7.50 റൺസ് ശരാശരിയിൽ 15 റൺസ് മാത്രം വിട്ട് കൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.
അതേസമയം ഏപ്രിൽ എട്ടിന് രണ്ട് മത്സരങ്ങളാണ് ഐ.പി.എല്ലിൽ നടക്കുന്നത്.
ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ദൽഹി ക്യാപിറ്റൽസിനെ നേരിടുമ്പോൾ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സിനെയാണ് അടുത്തതായി നേരിടുന്നത്.
Content Highlights: He is the Indian Russell Rajat Bhatia said about Shardul Thakur