| Saturday, 14th January 2023, 11:05 am

അവൻ ഇപ്പോൾ ലോകത്തെ മികച്ച താരമൊന്നുമല്ല; വെറും ഓവർ റേറ്റഡ്; ലിവർപൂൾ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിലൊരാളാണ് കസമിറോ.
റയൽ മാഡ്രിഡിലെ ഇതിഹാസ മിഡ്ഫീൽഡ് കൂട്ടുകെട്ടായ ടോണിക്രൂസ്-ലൂക്കാമോഡ്രിച്ച്-കസമിറോ സഖ്യത്തിൽ നിന്നും കസമിറോയെ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ചിരുന്നു.

യുണൈറ്റഡിന്റെ ഉടമകളായ ഗ്ളേസേഴ്സ് കുടുംബത്തിനെതിരെ ആരാധകർ നടത്തുന്ന പ്രതിഷേധങ്ങളിൽ നിന്നും അവരെ വഴി തിരിച്ചു വിടാനാണ് റയലിൽ നിന്നും കസമിറോയെ യുണൈറ്റഡ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതെന്ന് താരത്തിന്റെ യുണൈറ്റഡ് പ്രവേശനവുമായി ബന്ധപ്പെട്ട് വാദമുഖങ്ങൾ ഉയർന്ന് വന്നിരുന്നു.

എങ്കിലും മാൻ യുണൈറ്റഡിലെത്തി കുറച്ചു നാളുകൾ കൊണ്ട് തന്നെ തന്റെ മികച്ച പ്രകടനം ആവർത്തിച്ചുകൊണ്ട് ആരാധകരുടെ പ്രിയപ്പെട്ട താരമാകാൻ കസമിറോക്ക് കഴിഞ്ഞിരുന്നു.

കൂടാതെ ഫ്രഡ്, മഗ്വയർ എന്നിവരുടെ തുടർച്ചയായ മോശം പ്രകടനം കൊണ്ട് നിർജീവമായിക്കിടന്ന യുണൈറ്റഡ് മധ്യ നിരയെ സജീവമാക്കാനും കസമിറോക്ക് കഴിഞ്ഞു.

എന്നാലിപ്പോൾ കസമിറോയെ ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാളായി പരിഗണിക്കൻ കഴിയില്ലെന്നും. എല്ലാ മികച്ച ക്ലബ്ബുകളിലും കളിക്കാൻ താരത്തിന് യോഗ്യതയില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ലിവർപൂളിന്റെ ഇതിഹാസ താരമായിരുന്ന ഗ്രേയിം സോനെസ്.

“കസമിറോ ലോകോത്തര നിലവാരമുള്ള താരമാണോയെന്ന് ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. ലോകത്തിലെ എല്ലാ ടീമിലും വേണമെങ്കിൽ സൈൻ ചെയ്യാൻ സാധിക്കുന്ന തരം പ്രകടനം നടത്തുന്ന താരം എന്നാണ് മികച്ച താരത്തിനുള്ള എന്റെ നിർവചനം.

കസമിറോയെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് അയാൾ അത്തരമൊരു കളിക്കാരനല്ലെന്നാണ്. റയൽ മാഡ്രിഡ് കസമിറോയെ വിൽക്കാൻ തീരുമാനിച്ചത് വളരെ നല്ലൊരു തീരുമാനമായാണ് എനിക്ക് തോന്നുന്നത്.

കൂടാതെ കസിമിറോക്ക് പകരക്കാരനായി മികച്ചൊരു താരത്തെ ടീമിലെത്തിക്കാൻ റയലിന് സാധിച്ചിട്ടിട്ടുണ്ട്. കാസമിറോ മികച്ചൊരു കളിക്കാരനൊക്കെ തന്നെയാണ്. പക്ഷെ മഹാനായ ഒരു കളിക്കാരൻ എന്നൊന്നും പറയാൻ സാധിക്കില്ല,’ഗ്രേയിം സോനെസ് പറഞ്ഞു.

“ഏത് സമയത്ത് പ്രതിരോധിക്കണം എന്ന് കസമിറോക്ക് കൃത്യമായി അറിയാം. നന്നായി പന്ത് പാസ് ചെയ്യാനും, ചിപ്പ് ചെയ്യാനും കസമിറോക്ക് കഴിവുണ്ട്. മിഡ്‌ ഫീൽഡർ എന്ന നിലയിൽ കസമിറോ നന്നായി കളിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

എന്നാൽ നീണ്ടകാലത്തെ തിരിച്ചടികൾക്കും മോശം പ്രകടനങ്ങൾക്കും ശേഷം വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ശനിയാഴ്ച മാഞ്ചസ്റ്റർ സിറ്റിയെയാണ് പ്രീമിയർ ലീഗിൽ അടുത്തതായി എതിരിടുന്നത്. മത്സരത്തിൽ വിജയിക്കാനായാൽ യുണൈറ്റഡിന് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ സാധിക്കും.

Content Highlights: He is no longer the best player in the world; Just overrated; said Liverpool legend

We use cookies to give you the best possible experience. Learn more