തകർച്ചയിലും ആശ്വാസമായി യുവതാരത്തിന്റെ ഉദയം; അവൻ ഒരു രക്ഷയുമില്ലെന്ന് ജർമൻ കോച്ച്
2022 FIFA World Cup
തകർച്ചയിലും ആശ്വാസമായി യുവതാരത്തിന്റെ ഉദയം; അവൻ ഒരു രക്ഷയുമില്ലെന്ന് ജർമൻ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd December 2022, 10:19 pm

2014ലെ ബ്രസീൽ ലോകകപ്പിൽ മുത്തമിട്ടതിന് ശേഷം തുടർച്ചയായി രണ്ട് ലോകകപ്പിലും ഗ്രൂപ്പ്‌ സ്റ്റേജ് കടക്കാതെ പുറത്തായിരിക്കുകയാണ് ജർമൻ ടീം. ജപ്പാനോടും, സ്പെയ്നോടും തോൽവി നേരിട്ട ടീം അവസാന മത്സരത്തിൽ കോസ്റ്റാറിക്കയെപരാജയപ്പെടുത്തിയിരുന്നു.

ലോകകപ്പിന് മുന്നോടിയായി നടത്തപ്പെട്ട നേഷൻസ് ലീഗിലും ജർമനിക്ക് ഗ്രൂപ്പ്‌ ഘട്ടം കടക്കാൻ സാധിച്ചിരുന്നില്ല. പേരുകേട്ട താരനിര അടങ്ങിയ ജർമൻ ശക്തിക്ക് കളിക്കാരുടെ വ്യക്തിഗത മികവ് ഫലപ്രദമായി ടീം ഗെയിമിന്റെ രൂപത്തിലേക്ക് പരുവപ്പെടുത്താൻ സാധിക്കുന്നില്ല.

എന്നാൽ തോൽവിയിലും ജർമനിക്ക് പ്രതീക്ഷയായി ഉയർന്ന് വരുകയാണ് യുവതാരം ജമാൽ മുസൈലയുടെ പ്രകടനം. 19വയസ്സ് മാത്രമുള്ള ബയേൺ മ്യൂണിക്ക് വിങ്ങർ ജർമനിക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ജർമനിക്കായി താരം ബൂട്ട് അണിഞ്ഞിരുന്നു.

കോസ്റ്റാറിക്കയോടുള്ള ഒരു മത്സരത്തിൽ മാത്രം താരം 13 ട്രിബിളു കൾ പൂർത്തിയാക്കി. ഇതുവരെയുള്ള മൂന്ന് ലോകകപ്പ് മത്സരങ്ങളിൽ നിന്ന് പോലും ഒരു താരത്തിന് ഇത്രയും ട്രിബിളുകൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

ജമാൽ അസാധ്യ പ്ലെയർ ആണെന്നും ടൂർണമെന്റിൽ താരത്തിന് തുടർന്ന് കളിക്കാൻ സാധിക്കാത്തത് വലിയ നഷ്ടമാണെന്നുമാണ് ജർമൻ കോച്ച് ഹൻസി ഫ്ളിക്ക് മത്സരശേഷം അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന് ഇംഗ്ലണ്ട് ജൂനിയർ ടീമിനായി കളിച്ച് തുടങ്ങിയ ജമാലിനെ ജർമൻ ടീമിലേക്ക് എടുത്തപ്പോൾ ധാരാളം വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.

ഇംഗ്ലീഷ് ശൈലിയിൽ കളി പഠിച്ച താരത്തിന് ജർമൻ ഫുട്ബോൾ സ്റ്റൈലിലേക്ക് ഇണങ്ങിച്ചേരാൻ സാധിക്കില്ല എന്നുള്ള തരത്തിൽ ധാരാളം വിമശകരാണ് രംഗത്തു വന്നത്. എന്നാൽ ചെൽസിയിൽ നിന്നും ബയേണിലേക്ക് എത്തിയതോടെ ജർമൻ ടീമിന്റെ കൗണ്ടർ ഫുട്ബോൾ ശൈലി മികവോടെ കളിക്കാൻ ജമാൽ മുസൈലക്ക് സാധിച്ചു.

“അവന്റെ ട്രിബിളിങ്ങ് സ്‌കിൽ അപാരമാണ്, അസാധ്യ പ്ലെയറുമാണ് അവൻ. ഞങ്ങൾക്ക് ധാരാളം മികച്ച യുവ താരങ്ങൾ കയ്യിലുണ്ട്. കാര്യങ്ങൾ ഇതുപോലെ മുന്നോട്ട് പോയാൽ ജർമൻ ടീമിന്റെ ഭാവി ശോഭനമായിരിക്കും,” ഫ്ളിക്ക് അഭിപ്രായപ്പെട്ടു.

ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ജമാലിനെ സ്വന്തമാക്കാൻ ക്ലബ്ബുകളുടെ കൂട്ടയിടി ആയിരിക്കുമെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. ആഴ്സണലിന്റെ മുൻ മിഡ്ഫീൽഡർ ആയിരുന്ന സമീർ നസ്രി ബയേണിൽ നിന്നും ജമാലിനെ വാങ്ങാൻ ഉപദേശിച്ച് ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.

ജമാലിനെ കൂടി ടീമിലെത്തിക്കാൻ ആയാൽ ഗണ്ണേഴ്സ് ഇത്തവണ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷനും സ്വന്തമാക്കും എന്നാണ് സമീർ നസ്രി അഭിപ്രായപ്പെട്ടത്. ആഴ്സണലിന് പുറകെ ചെൽസി, റയൽ മാഡ്രിഡ്‌ എന്നീ ടീമുകളും ജമാൽ മുസൈലയെ നോട്ടമിട്ടിട്ടുണ്ട്.

Content Highlights: He is Incredible German coach Hansi flick about jamal musaila