ബെര്‍ലിന്‍: കാറ്റിന് പോലും ആ വേഗതയെ ഭയമായിരുന്നു. ആ വേഗം നിലച്ചിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാറ്റുപോലും ഭയന്ന ആ വേഗതയുടെ ഉടമയെകുറിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷമായി .യാതൊരു വിവരവുമുണ്ടായിരുന്നില്ല.
സെബാസ്റ്റിയന്‍ വെറ്റലും ലൂയി ഹാമില്‍ട്ടണും ട്രാക്കില്‍ വിസ്മയം തീര്‍ത്തപ്പോള്‍ ഷൂമാക്കറെന്ന ഇതിഹാസത്തെ എഫ് വണ്‍ പ്രേമികള്‍ പോലും മറന്നുതുടങ്ങിയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം എവിടെയാണ്, ആരോഗ്യ സ്ഥിതി എങ്ങനെയാണ് എന്നതില്‍ ലോകത്തിന് യാതൊരു വിവരവുമുണ്ടായിരുന്നില്ല. കാലത്തിന്റെ സമയരേഖകളെ ട്രാക്കില്‍ തിരുത്തിയ ഷൂമാക്കറിന്റെ ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുകയാണ് പുതിയ വാര്‍ത്ത.
അഞ്ച് വര്‍ഷത്തിന്‌ശേഷം അദ്ദേഹത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ കോറിന “” അദ്ദേഹം പോരാളിയാണ്. ഒരിക്കലും കീഴടങ്ങില്ല””
ഹ്രസ്വമെങ്കിലും ഇയൊരു വാക്യം പോലും വലിയ വാര്‍ത്തയായിരിക്കുകയാണ് കായിക ലോകത്തിപ്പോള്‍.
ഷൂമാക്കറെ സ്തുതിച്ച് ജര്‍മന്‍ സംഗീതജ്ഞനായ സാസ്ച ഹെര്‍ചെന്‍ബാഷ് രചിച്ച ഗാനത്തിന് മറുപടി ആയിട്ടാണ് കോറിനയുടെ പ്രതികരണം. ബോണ്‍ ടു ഫൈറ്റ് എന്ന ഗാനം രചയിതാവ് കോറിനയ്ക്ക് അയച്ചിരുന്നു.
2014ലാണ് ചെര്‍ചെന്‍ബാഷ് ഗാനം കോറിനയ്ക്ക് അയച്ചുകൊടുക്കുന്നത്. ഇതിന് കോറിന നല്‍കിയ മറുപടി കഴിഞ്ഞ ദിവസമാണ് ചെര്‍ചെന്‍ബാഷ് പരസ്യമാക്കിയത്.
മകന്‍ മൈക്കിനൊപ്പം ആല്‍പ്‌സ് പര്‍വതത്തില്‍ സ്‌കീയിങ് നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് ഷൂമാക്കറിന്റെ തല പാറയില്‍ ഇടിച്ച് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ആറുമാസത്തോളം താരം അബോധാവസ്ഥയിലായിരുന്നു. ട്രാക്കില്‍ തീപ്പൊരി പടര്‍ത്തിയ ആ കൈകള്‍ പിന്നീട് ചലിച്ചട്ടില്ല.
എന്നാല്‍ നാളിത് വരെ ആയിട്ടും കുടുംബം ഷൂമാക്കറിന്റെ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഡോക്ടര്‍മാരും ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചട്ടില്ല.
ലോകം കാത്തിരിക്കുകയാണ്. ആ തിരിച്ചുവരവിനായി, എഫ് വണ്‍ സെക്കന്‍ഡ് ഡിവിഷനില്‍ മകന്‍ വിസ്മയം തീര്‍ക്കുമ്പോള്‍ ലോകവും കണ്ണോടിക്കുകയാണ്. കാണികളുടെ കൂട്ടത്തില്‍ വേഗതയുടെ രാജാവുണ്ടോ എന്ന്.