ലഖ്‌നൗ: രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൗരനല്ല ബ്രിട്ടീഷ് പൗരനാണെന്ന് കാട്ടി റായ്ബറേലിയില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി. കര്‍ണാടക സ്വദേശിയായ എസ്. വിഘ്‌നേഷ് ശിശിറാണ് അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാത്പ്പര്യ ഹരജി സമര്‍പ്പിച്ചത്.
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നും അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നുമാണ് ഹരജിയില്‍ പറയുന്നത്. വിദേശ പൗരത്വം സംബന്ധിച്ച ആഭ്യന്തരകാര്യങ്ങള്‍ തീര്‍പ്പാക്കുന്നത് വരെ അദ്ദേഹത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന് ലാക്‌സഭാ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
ബ്രിട്ടണിലെ എം/എസ് ബാക്കോപ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു രാഹുല്‍ ഗാന്ധിയെന്നും കമ്പനി രേഖകളില്‍ അദ്ദേഹം ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നും ഹരജിക്കാരന്‍ പറഞ്ഞു.
വയനാട്ടിലെയും റായ്ബറേലിയിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും വിവിധ അധികാരികള്‍ക്കും നിരവധി നിവേദനങ്ങള്‍ അയച്ചിട്ടുണ്ടെന്നും പൊതുതാത്പ്പര്യ ഹരജിയില്‍ പറയുന്നു. എന്നാല്‍ പരാതികളില്‍ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം നേടിയ ദിവസം, അദ്ദേഹം ഇന്ത്യയിലെ പൗരത്വം അവസാനിപ്പിച്ചു. 2003/2006ന് ശേഷമാണ് അദ്ദേഹം ഇന്ത്യന്‍ പൗരത്വം നേടിയത്. അതിനാല്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം അത് തന്നെ സമര്‍പ്പിക്കണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ അത് ചെയ്യുന്നതിന് പകരം അദ്ദേഹം സ്വയം ഇന്ത്യന്‍ പൗരനാണെന്ന് അവകാശപ്പെടുകയാണ് ചെയ്തത്. ഇത് പൗരത്വ നിയമത്തിന്റെ 9ാം വകുപ്പ് പ്രകാരം തെറ്റാണെന്നും ഹരജിയിൽ പറഞ്ഞു.
ഇരട്ട പൗരത്വം പരിഹരിക്കുന്നത് വരെ 2019ലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
Content Highlight: He Is A British Citizen’: PIL In Allahabad High Court against Rahul Gandhi