|

അവൻ കാഴ്ചവെച്ചത് മികച്ച പ്രകടനം, എപ്പോഴും കളിക്കളത്തിൽ ഇറങ്ങുക റൈറ്റ് ആറ്റിറ്റ്യൂടോടെ: യുവതാരത്തെ പ്രശംസിച്ച് ശ്രേയസ് അയ്യർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിന് പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. മാർച്ച് 25 ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, അരങ്ങേറ്റക്കാരന്‍ പ്രിയാന്‍ഷ് ആര്യ, വെടിക്കെട്ട് വീരന്‍ ശശാങ്ക് സിങ് എന്നിവരുടെ പ്രകടനത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.

ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശുഭ്മാൻ ഗില്ലിന്റെ ടീമിന് 232 റൺസ് മാത്രമേ നേടാനായുള്ളു. വിക്കറ്റ് കീപ്പർ ജോസ് ബട്ലർ അർദ്ധ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും ഗുജറാത്തിന് വിജയം സ്വന്തമാക്കാൻ സാധിച്ചില്ല.

മത്സരത്തിൽ പഞ്ചാബിന് വേണ്ടി പ്രിയൻഷ് ആര്യ, ശശാങ്ക് സിങ്, വൈശാഖ് വിജയകുമാർ എന്നീ യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മത്സരത്തിൽ പഞ്ചാബിനായി അരങ്ങേറ്റം കുറിച്ച കർണാടക പേസർ വൈശാഖ് വിജയകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ.

മത്സരത്തിന്റെ അവസാനത്തിൽ ഇംപാക്ട് പ്ലെയറായി എത്തിയ വൈശാഖ് വിജയകുമാർ മത്സരത്തിലെ ഹീറോ ആയി മാറുകയായിരുന്നു. മത്സരത്തിന്റെ 14-ാം ഓവർ വരെ, ജി.ടി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചതെന്നും പവർപ്ലേയ്ക്ക് ശേഷം, അവർ ഒരു ഓവറിൽ 11 റൺസിൽ കൂടുതൽ നേടുകയും രണ്ട് വിക്കറ്റിന് 169 റൺസ് നേടുകയും ചെയ്‌തെന്ന് ശ്രേയസ് പറഞ്ഞു.

ആദ്യ ഇന്നിങ്സിൽ 243/5 എന്ന സ്കോർ നേടിയെങ്കിലും, മധ്യ ഓവറുകളിൽ സായ് സുദർശനും ജോസ് ബട്ലറും മികച്ച പ്രകടനം കാഴ്ചവച്ചതോടെ പഞ്ചാബ് പ്രതിസന്ധിയിലായെന്ന് ക്യാപ്റ്റൻ പറഞ്ഞു.

‘ഷെർഫേൻ റൂദർ ഫോർഡും ജോസ് ബട്ലറും ക്രീസിൽ ഉണ്ടായിരുന്നു. അവർ ഫാസ്റ്റ് ബൗളർമാരെ ഒന്നും ചെയ്യാൻ അനുവദിച്ചില്ല. പിന്നാലെ പോണ്ടിങ് വൈശാഖിനെ ഇംപാക്റ്റ് സബ് ആയി കൊണ്ടുവന്നു. വിക്കറ്റിന് മുകളിലൂടെ വൈശാഖ് സൃഷ്ടിക്കുന്ന ആംഗിളുകളെക്കുറിച്ച് റൂദർ ഫോർഡിന് അറിയില്ലായിരുന്നു.

15-ാം ഓവറിനും 18-ാം ഓവറിനും ഇടയിൽ യാൻസന്റെയും വൈശാഖിന്റെയും മുന്നിൽ ഗുജറാത്ത് നന്നായി വിയർത്തു. മൂന്ന് ഓവറുകളിൽ 18 റൺസ് മാത്രമാണ് അവർ വിട്ടുകൊടുത്തത്. വൈശാഖിന്റെ പദ്ധതി ലളിതമായിരുന്നു, ഓഫ്‌സൈഡിൽ ഫീൽഡ് തുറന്ന് റൂദർ ഫോർന് ഫുൾ ആൻഡ് വൈഡ് പന്തെറിയുക.

അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. വൈശാഖ് വളരെ രസികനായ വ്യക്തിയാണ്. അവൻ എപ്പോഴും കളിക്കളത്തിൽ ഇറങ്ങുക റൈറ്റ് ആറ്റിറ്റ്യൂടോടെയായിരിക്കും. കളിക്കളത്തിൽ ഇറങ്ങിയ ഉടൻ തന്നെ അവൻ യോർക്കറുകൾ എറിഞ്ഞു. അവൻ ശാന്തതയും സംയമനവും പാലിച്ചു. അത് കളിയിൽ നിർണായകമായി,’ ശ്രേയസ് അയ്യർ പറഞ്ഞു.

യുവതാരം പ്രിയൻഷ് ആര്യയ്ക്ക് പകരമായാണ് വൈശാഖ് കളത്തിലിറങ്ങിയത്. വിക്കറ്റുകൾ വീഴ്ത്താനായില്ലെങ്കിലും മൂന്ന് ഓവറുകളിൽ 28 റൺസ് മാത്രമാണ് താരം വഴങ്ങിയത്. 9.33 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.

Content Highlight: He has shown great performance, always go out on the field with the right attitude: Shreyas Iyer praises the youngster

Latest Stories