അർജന്റൈൻ ടീമിൽ മെസിയുടെ പിൻഗാമിയാകും എന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന താരമാണ് പൗലോ ഡിബാല.
സീരി.എ ക്ലബ്ബ് റോമയുടെ താരമായിരുന്ന ഡിബാലലോകകപ്പിൽ തിളങ്ങും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തിന് ഒരു മത്സരം മാത്രമേ കളിക്കാൻ സാധിച്ചിരുന്നുള്ളൂ. തുടർന്ന് അദ്ദേഹത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
എന്നാലിപ്പോൾ ഡിബാലയെ മെസിയുടെ പിൻഗാമിയായി ഒരു തരത്തിലും കാണാൻ സാധിക്കില്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ ഇതിഹാസ താരമായ മരിയോ കെംമ്പസ്.
ടി.എൻ.ടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് മെസിയെയും ഡിബാലയെയും പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞത്.
മെസിക്ക് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും, അദ്ദേഹത്തിന് ഒപ്പം നിന്ന് കളിക്കാൻ സാധിക്കുന്ന തരത്തിൽ താരങ്ങൾ ലോക ഫുട്ബോളിൽ വളരെ കുറവാണെന്നുമാണ് മരിയോ കെംമ്പസ് അഭിപ്രായപ്പെട്ടത്.
1978ലെ ലോകകപ്പിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് ജേതാവാണ് മരിയോ കെംമ്പസ്.
“മെസി ഒരു ഇന്റലിജന്റ് പ്ലെയറാണ്. അതാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നതും. അദ്ദേഹം വലിയ പ്രതിഭയും കളിക്കളത്തിൽ വലിയ ദീർഘവീക്ഷണവുമുള്ള താരമാണ്.
എന്നാൽ ഡിബാല ഈ ഗുണങ്ങളിൽ മെസിയോട് കിടപിടിക്കുമോ എന്നെനിക്കറിയില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തെ മെസിയുടെ പിൻഗാമിയായി കാണാൻ എനിക്ക് സാധിക്കില്ല,’ കെംമ്പസ് പറഞ്ഞു.
“മെസിയുടെയൊപ്പം കളിക്കുക എന്നത് ഒരേസമയം മനോഹരവും ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്. മറഡോണക്കൊപ്പം കളിക്കുന്നതിന് സമാനമായ അവസ്ഥയാണിത്. നിങ്ങൾക്ക് അവർ കളിക്കളത്തിൽ ചെയ്യുന്ന ഓരോ കാര്യവും അനുഭവിക്കാൻ സാധിക്കും,’ കെംമ്പസ് കൂട്ടിച്ചേർത്തു.
അർജന്റീനക്കായി 36 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ഡിബാല ഇതുവരെ മൂന്ന് രാജ്യാന്തര ഗോളുകളാണ് തന്റെ ദേശീയ ടീമിനായി സ്വന്തമാക്കിയത്.