| Friday, 9th April 2021, 12:55 pm

അയാള്‍ക്കല്ലേ കൊവിഡ്, എനിക്കല്ലല്ലോ; കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലന്‍സ് വഴിയരികില്‍ നിര്‍ത്തി ജ്യൂസ് കുടിച്ച് ജീവനക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി വഴിമധ്യേ ആംബുലന്‍സ് നിര്‍ത്തിച്ച് ജ്യൂസ് കടയില്‍ കയറി ജ്യൂസ് കുടിക്കുന്ന ജീവനക്കാരന്റെ വീഡിയോ വിവാദമാകുന്നു.

പി.പി.ഇ കിറ്റ് ധരിച്ച ഒരു ആരോഗ്യ പ്രവര്‍ത്തകനാണ് ആംബുലന്‍സ് നിര്‍ത്തിയ ശേഷം ജ്യൂസ് കടയില്‍ കയറി ജ്യൂസിനായി കാത്തുനില്‍ക്കുന്നത്. ഇയാള്‍ പി.പി.ഇ കിറ്റാണ് ധരിച്ചിരിക്കുന്നതെങ്കിലും മുഖത്തെ മാസ്‌ക്ക് താഴ്ത്തിയാണ് കടയില്‍ നില്‍ക്കുന്നത്.

കൊവിഡ് രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുംവഴി വഴിമധ്യേ വാഹനം നിര്‍ത്തി ജ്യൂസ് കുടിക്കുന്ന ഇയാളുടെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലാണ് സംഭവം. ആരോഗ്യ പ്രവര്‍ത്തകന്‍ റോഡരികിലെ കടയില്‍ കരിമ്പിന്‍ ജ്യൂസിനായി കാത്തുനില്‍ക്കുന്നതായി വീഡിയോയില്‍ കാണാം. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ പി.പി.ഇ കിറ്റ് ധരിച്ച് ആംബുലന്‍സിനുള്ളില്‍ ഇരിക്കുന്നതായും കാണാം.

മാസ്‌ക് കൃത്യമായി ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നത് നിയമ ലംഘനമായിരിക്കെയാണ് ആരോഗ്യപ്രവര്‍ത്തകന്‍ തന്നെ പൊതുസ്ഥലത്ത് പ്രോട്ടോക്കോള്‍ ലംഘിച്ചിരിക്കുന്നെന്നാണ് വിമര്‍ശനം.

തിരക്കേറിയ റോഡില്‍ ഇത്തരത്തില്‍ പെരുമാറുന്നത് നിരവധി ആളുകള്‍ അണുബാധയുണ്ടാകാന്‍ കാരണമാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

‘നിങ്ങള്‍ ഒരു കൊറോണ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയാണ്. മാത്രമല്ല നിങ്ങള്‍ മാസ്‌ക് ശരിയായി ധരിച്ചിട്ടുമില്ലല്ലോ’ എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ അതിന് തനിക്ക് കൊറോണ ഇല്ലല്ലോയെന്നും തനിക്ക് ഒപ്പമുള്ള ആള്‍ക്ക് മാത്രമല്ലേ കൊറോണ ഉള്ളതെന്നും ഞാന്‍ ഈ ജ്യൂസ് കുടിക്കട്ടെയെന്നുമാണ് ഇയാള്‍ പറയുന്നത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതുകണ്ടതോടെ ഇയാള്‍ മാസ്‌ക് മുഖത്തേക്ക് കയറ്റിയിടുന്നതും വീഡിയോയില്‍ കാണാം.

മധ്യപ്രദേശില്‍ 3,41,887 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. മരിച്ചവരുടെ എണ്ണം 54,000 കവിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,31,968 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 1.3 കോടിയായി.

ആദ്യഘട്ടത്തെ അപേക്ഷിച്ച് കുത്തനെയുള്ള കുതിപ്പാണ് കൊവിഡിന്റെ രണ്ടാം ഘട്ടത്തില്‍ രാജ്യത്ത് കാണുന്നത്. പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ കൊവിഡ് 19 കേസുകള്‍ വെറും രണ്ട് മാസത്തിനുള്ളില്‍ 13 മടങ്ങായാണ് ഉയര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ‘He Has Covid, I Don’t’: Ambulance With Patient Stops At Juice Shop

We use cookies to give you the best possible experience. Learn more