സമകാലിക ലോക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന പ്ലെയറാണ് റൊണാൾഡോ. പോർച്ചുഗീസ് ഇതിഹാസമായ താരം നിരവധി റെക്കോഡുകളും ലോക ഫുട്ബോളിൽ നിന്ന് തന്റെ പേരിൽ എഴുതിചേർത്തിട്ടുണ്ട്.
റൊണാൾഡോയുടെ ശരീര ഭാഷയും ആരെയും കൂസാത്ത തരത്തിലുള്ള പെരുമാറ്റവും താരത്തിന് വലിയരീതിയിലുള്ള വിമർശകരെനേടിക്കൊടുത്തിട്ടുണ്ട്.
റൊണാൾഡോ സെൽഫിഷും ഈഗോയും പണത്തോട് ആർത്തിയുമുള്ള പ്ലെയറാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ സ്പോർട്ടിങ് ലിസ്ബൺ പരിശീലകനായ മാനുവൽ ജോസ്.
റൊണാൾഡോയുടെ കളി മികവിൽ സംശയമില്ലെന്ന് അഭിപ്രായപ്പെട്ട മാനുവൽ ജോസ് താരം പ്രശസ്തിയിലേക്കുയർന്നപ്പോൾ സ്വന്തം വേരുകൾ മറന്നെന്നും കുറ്റപ്പെടുത്തി.
റെക്കോർഡിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ അദ്ദേഹം സംസാരിച്ചത്.
“അദ്ദേഹത്തിനെ പരിശീലിപ്പിക്കുന്നവർ അദ്ദേഹത്തിന്റെ സ്വഭാവത്തിലും പേഴ്സണാലിറ്റിയിലും എന്തെങ്കിലും ഗുണ പരമായ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കണം. തന്റെ പ്രായം, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യം, അണിയുന്ന ജേഴ്സി ഇവയെയെല്ലാം അദ്ദേഹം ബഹുമാനിക്കേണ്ടതുണ്ട്,’ മാനുവൽ ജോസ് പറഞ്ഞു.
“റൊണാൾഡോ നല്ല പ്ലെയറാണ്, പക്ഷെ തന്റെ വേരുകൾ അദ്ദേഹം മറന്നു. തന്റെ കരിയർ എങ്ങനെയവസാനിപ്പിക്കണം എന്ന് പോലും റൊണാൾഡോക്ക് അറിയില്ല. പണം മാത്രമാണ് റൊണാൾഡോക്ക് വേണ്ടത്.
റൊണാൾഡോ വലിയ പ്ലെയറാണ്. പക്ഷെ അത്രത്തോളം തന്നെ അദ്ദേഹത്തിന്റെ ഈഗോയും വളർന്നിട്ടുണ്ട്. സ്വന്തം കാര്യം മാത്രമാണ് റൊണാൾഡോക്ക് വലുത്,’ മാനുവൽ ജോസ് കൂട്ടിച്ചേർത്തു.
അതേസമയം സൗദി പ്രോ ലീഗായ അൽ നസറിൽ മികച്ച പ്രകടനത്തോടെ കളിച്ച് മുന്നേറുകയാണ് റൊണാൾഡോ. സൗദിയുടെ മണ്ണിൽ പത്തിലേറെ ഗോളുകൾ സ്വന്തമാക്കിയറൊണാൾഡോ, കഴിഞ്ഞ 13 പ്രൊഫഷണൽ മത്സരങ്ങളിൽ നിന്നും 12 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.