വളരെ ചെറിയ പ്രായത്തിൽ തന്നെ ബാഴ്സലോണ അക്കാദമിയിൽ ചേർന്ന താരമാണ് ലയണൽ മെസി. ലാ മാസിയയിലെ ഫുട്‌ബോൾ പരിശീലനത്തിന് ശേഷം ഉടൻ തന്നെ അദ്ദേഹത്തിന് ബാഴ്സലോണയുടെ പ്രധാന ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
മെസിക്ക് ബാഴ്‌സയിൽ മികവ് തെളിയിക്കാൻ അധിക സമയം വേണ്ടി വന്നില്ല. ഫുട്‌ബോൾ ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി താരം ഉയരുകയായിരുന്നു.
ടീമിന് ആവശ്യമായതെല്ലാം നേടിക്കൊടുത്ത മെസി ബാഴ്‌സയെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാക്കി. ബാഴ്സലോണയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം സമാനതകളില്ലാത്തതായിരുന്നു. താരം ബ്ലൂഗ്രാന ഷർട്ടിൽ തന്നെ വിരമിക്കുമെന്നാണ് ആരാധകർ കരുതിയുരുന്നത്.
എന്നാൽ പതിയെ കാര്യങ്ങൾ വഷളാവുകയായിരുന്നു. ബാഴ്സലോണക്ക് വേണ്ടി സംഭാവനകളേറെ ചെയ്തിട്ടും മുൻ മാനേജ്മെന്റ് മെസിയുടെ കരാർ പുതുക്കുന്നതിൽ വീഴ്ച വരുത്തി.
സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബാഴ്‌സക്ക് അത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നതെന്ന് പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്തിരുന്നാലും പുതിയ തട്ടകമായ പാരിസ് സെന്റ് ഷെർമാങ്ങിൽ അദ്ദേഹത്തിനിപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നുണ്ട്.
13 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും നിരവധി അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. ബാഴ്സയിലെയും പി.എസ്.ജിയിലെയും താരത്തിന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്തുകയാണ് ഇപ്പോൾ സ്പാനിഷ് ജേണലിസ്റ്റ് ഗില്ലെം ബലാഗ്.
പി.എസ്.ജിയിൽ ബാഴ്‌സലോണയിലേത് പോലെ നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹത്തിനവിടെ തന്റേതായ സ്വാതന്ത്ര്യമുണ്ടെന്നുമാണ് ബലാഗ് പറഞ്ഞത്.
കളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെങ്കിൽ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്യം താരത്തിനിപ്പോൾ ലഭിക്കുന്നുണ്ടെന്നും അതാണ് ബാഴ്‌സയിൽ ഇല്ലാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10 മത്സരങ്ങളിൽ എട്ട് വിജയങ്ങളും രണ്ട് സമനിലയുമായി പി.എസ്.ജി ലീഗ് 1 പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും രണ്ട് സമനിലയും നേടി.
Content Highlights: He has a free space there, Guillem balague says about legend