കോഴിക്കോട്: സാമ്പത്തിക സംവരണം തിടുക്കത്തില്‍ നടപ്പാക്കിയ സര്‍ക്കാര്‍ സാമൂഹ്യ നീതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തെന്ന് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി ഹകീം അസ്ഹരി. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ ‘സിറാജി’ല്‍ പ്രസിദ്ധീകരിച്ച ‘സാമൂഹിക നീതിയെന്ന ജനപ്രിയത’ എന്ന ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സാമൂഹിക നീതിയും അവസര സമത്വവും ഉറപ്പുവരുത്തുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ കുറേക്കൂടി കണിശതയോടെ പുതിയ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്രിയാത്മകമായ ഊര്‍ജമാണ് സര്‍ക്കാറിന്റെ തുടര്‍ച്ച ഉറപ്പുവരുത്തിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘സാമ്പത്തിക നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹം സാമൂഹിക നീതിയുടെ കാര്യത്തില്‍ ഉണ്ടായോ എന്നത് സംശയകരമാണ്. സാമ്പത്തിക സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച ധൃതി സംശയം ബലപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങളില്‍ തമിഴ്നാടിന്റെ സമീപനത്തെ കേരള സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. സാമൂഹിക നീതിയുടെ ചോദ്യങ്ങളെ കൂടുതല്‍ കണിശതയോടെ അഭിമുഖീകരിക്കണം.
വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയും അവസര സമത്വവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. എയ്ഡഡ് മേഖലയെ പൊതുവിദ്യാഭ്യാസ നയങ്ങളുമായി അടുപ്പിക്കണം. നിയമനങ്ങളില്‍ അവസര സമത്വം ഉറപ്പാക്കണം. സര്‍ക്കാര്‍ സഹായം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം ഉറപ്പാക്കണം,’ ഹകീം അസ്ഹരി ലേഖനത്തില്‍ പറയുന്നു.