| Tuesday, 21st November 2023, 6:52 pm

നിരവധി അവസരങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കി; ഇതിഹാസത്തെ പ്രശംസിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസ്. ക്രിസ്റ്റ്യാനോയുടെ കാലഘട്ടത്തില്‍ കളിക്കാനായതില്‍ താന്‍ ഭാഗ്യവാനാണെന്നും പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് അദ്ദേഹം കളത്തില്‍ നിരവധി അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്നും ബ്രൂണോ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് എല്‍ എക്വിപ്പാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ക്രിസ്റ്റ്യാനോയുടെ പവറിനെയും ഇംപാക്ടിനെയും കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് അദ്ദേഹം നിരവധി അവസരങ്ങള്‍ ഉണ്ടാക്കി തന്നിട്ടുണ്ട്. പോര്‍ച്ചുഗലിന് അദ്ദേഹത്തോട് എല്ലാ വിധ ബഹുമാനവുമുണ്ട്. ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ ടീമിലുണ്ടാക്കിയ നേട്ടങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ ടീമിനെ ഭയത്തോട് കൂടിയാണ് എതിരാളികള്‍ വീക്ഷിക്കുന്നത്.

അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ കളിക്കാനായതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ഞങ്ങള്‍ക്ക് അദ്ദേഹം കളിക്കുന്നത് കാണാനുള്ള ഭാഗ്യമുണ്ടായി. അദ്ദേഹത്തോടൊപ്പം കളിക്കാനുള്ള യോഗവുമുണ്ടായി,’ ഫെര്‍ണാണ്ടസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു. ഐസ്‌ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ചരിത്രപരമായ നേട്ടത്തിലേക്കാണ് മുന്നേറിയത്. യോഗ്യത മത്സരങ്ങളില്‍ ഒരു കളിപോലും തോല്‍ക്കാതെ പത്ത് വിജയങ്ങളാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.

ഹോം ഗ്രൗണ്ടായ ജോസ് അല്‍വാല്‍ഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനിലാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. അതേസമയം 4-3-3 എന്ന ശൈലിയായിരുന്നു ഐസ്ലാന്‍ഡ് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 37ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് ആതിഥേയര്‍ക്ക് ആദ്യ ലീഡ് നേടി കൊടുത്തത്. ഇതോടെ യൂറോ യോഗ്യത മത്സരങ്ങളില്‍ ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളും ആയി മികച്ച പ്രകടനമാണ് ബ്രൂണോ കാഴ്ചവെച്ചത്.

ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ പോര്‍ച്ചുഗല്‍ ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ 62ാം മിനിട്ടില്‍ ഹോര്‍ട്ടയുടെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍.

മറുപടി ഗോളിനായി സന്ദര്‍ശകര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം മറികടക്കാന്‍ ഐസ്ലാന്‍ഡിന് സാധിക്കാതെ പോയത് വലിയ തിരിച്ചടിയായി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പോര്‍ച്ചുഗല്‍ 2-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ സര്‍വ്വാധിപത്യവും പോര്‍ച്ചുഗലിനായിരുന്നു. മത്സരത്തില്‍ 74 ശതമാനം ബോള്‍ പോസഷന്‍ കൈവശം വെച്ച റോബര്‍ട്ടോ മാര്‍ട്ടിനസും ടീമും 23 ഷോട്ടുകളാണ് ഐസ്ലാന്‍ഡിന്റെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.

2024ല്‍ ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ടീമില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.

 Content Highlights: He gave us many opportunities; Bruno Fernandes praises the legend

Latest Stories

We use cookies to give you the best possible experience. Learn more