|

എന്നോളം വട്ടുള്ള മറ്റൊരാൾ ഇല്ലെന്ന കോൺഫിഡൻസ് മാറ്റിത്തന്നത് അദ്ദേഹം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാവരും ആവേശത്തോടെ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാൻ ഇന്ന് തിയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോൾ എമ്പുരാനെക്കുറിച്ചും മുരളി ഗോപിയെക്കുറിച്ചും ആൻ്റണി പെരുമ്പാവൂരിനെക്കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്.

എമ്പുരാൻ ഒരു ചെറിയ സിനിമയാണെന്നും നന്ദി പറയാൻ ഒരുപാട് പേരുണ്ടെന്നും പറയുകയാണ് പൃഥ്വിരാജ്. ആദ്യം നന്ദി പറയേണ്ടത് മുരളി ഗോപിയോടാണെന്നും താൻ സംവിധായകനാകാൻ കാരണം മുരളി ഗോപിയാണെന്നും പൃഥ്വിരാജ് പറയുന്നു. ഒരു കഥ പറഞ്ഞിട്ട് ഇത് രാജു ചെയ്യുന്നോ എന്ന് ചോദിച്ചതുകൊണ്ടാണ് ലൂസിഫർ സംഭവിച്ചതെന്നും പൃഥ്വിരാജ് പറയുന്നു.

സിനിമയെക്കുറിച്ച് സ്വപ്നം കാണുമ്പോൾ തന്നോളം വട്ടുള്ള മറ്റൊരാൾ ഇല്ലായെന്ന കോൺഫിഡൻസ് തനിക്കുണ്ടായിരുന്നുവെന്നും എന്നാൽ അത് മാറ്റിത്തന്നത് ആൻ്റണി പെരുമ്പാവൂരാണെന്നും ആൻ്റണി തന്നേക്കാൾ വട്ടനാണെന്നും പൃഥ്വിരാജ് പറയുന്നു.

സിനിമയ്ക്ക് യാതൊരു വിധ അതിർവരമ്പുകളില്ലെന്നും കേരളത്തിൽ ആയിപ്പോയതുകൊണ്ട് സ്വപ്നങ്ങൾക്ക് പരിധി വേണമെന്ന് ഒട്ടും വിശ്വസിക്കാത്ത സിനിമാപ്രേമിയാണ് ആൻ്റണിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

എമ്പുരാൻ്റെ പ്രമോഷൻ്റെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു പൃഥ്വിരാജ്.

‘ഇതൊരു ചെറിയ സിനിമയാണ്. നന്ദി പറയാൻ ആണെങ്കിൽ ഒരുപാട് പേരുണ്ട്. ആദ്യം നന്ദി പറയേണ്ടത് മുരളി ഗോപിയോടാണ്. എൻ്റെ ബ്രദർ, എൻ്റെ റൈറ്റർ, കോ ക്രിയേറ്റർ എല്ലാമാണ് മുരളിഗോപി. ഞാൻ സംവിധായകനാകാൻ കാരണം മുരളി ഗോപിയാണ്. അദ്ദേഹമാണ് ഒരു കഥ പറഞ്ഞിട്ട് ഇത് രാജു സംവിധാനം ചെയ്യുന്നോ എന്ന് ചോദിക്കുന്നത്. അതിൽ നിന്നാണ് ലൂസിഫർ സംഭവിക്കുന്നത്. എന്നെ ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമ ചെയ്യാൻ അവസരം കിട്ടിയ ഒരു സംവിധായകനായി മാറ്റിയതിൽ മുരളിയുടെ പങ്ക് വളരെ വലുതാണ്.

സിനിമയെക്കുറിച്ച് സ്വപ്നം കാണുമ്പോൾ എന്നോളം വട്ടുള്ള മറ്റൊരാൾ ഇല്ലെന്ന കോൺഫിഡൻസ് ഉണ്ടായിരുന്നു എനിക്ക് ആ കോൺഫിഡൻസ് തകർത്ത് തന്നത് ആൻ്റണി പെരുമ്പാവൂരാണ്. എന്നേക്കാൾ വട്ടനാണ്.

സിനിമ എന്ന കലാരൂപത്തിന് യാതൊരുവിധ ലിമിറ്റുകളോ അതിർവരമ്പുകളോ ഇല്ലായെന്നും, നമ്മൾ കേരളമെന്ന കൊച്ചു സംസ്ഥാനത്ത് ആയിപ്പോയതുകൊണ്ട് തന്നെ നമ്മുടെ സ്വപ്നങ്ങൾക്ക് പരിധി വേണമെന്ന് ഒട്ടും വിശ്വസിക്കാത്ത തികഞ്ഞ സിനിമാപ്രേമിയാണ് ആൻ്റണി പെരുമ്പാവൂർ. അങ്ങനെ ഒരാളെ എൻ്റെ നിർമാതാവ് ആയി ലഭിച്ചതിൽ ഒരുപാട് സന്തോഷിക്കുന്നു,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: He gave me the confidence that there was no one as crazy as me says Prithviraj

Latest Stories