| Sunday, 18th December 2022, 3:09 pm

അവന് ഫുട്ബോളിനെക്കുറിച്ച് അധികമൊന്നുമറിയില്ല: എംബാപ്പയെ പറ്റി അർജന്റൈൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8:30ന് നടക്കുന്ന മത്സരത്തിൽ അർജന്റീന എതിരിടുന്നത് നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെയാണ്.

ഞായറാഴ്ച ഖത്തറിന്റെ മണ്ണിൽ വിജയിക്കുന്ന ടീമാകും ഇനിയൊരു നാല് വർഷത്തേക്ക് ഫുട്ബോളിലെ കിരീടം വെക്കാത്ത രാജാക്കന്മാർ.
എന്നാൽ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ ക്കുറിച്ച് മുമ്പ് പറഞ്ഞ അഭിപ്രായത്തിനുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടീനസ്.

“അവന് ഫുട്ബോളിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ല. അവനൊരിക്കലും ലാറ്റിനമേരിക്കയിൽ കളിച്ചിട്ടുമില്ല. നിങ്ങൾക്ക് ഒരു കാര്യത്തെക്കുറിച്ച് അനുഭവമൊന്നുമില്ലെങ്കിൽ, മിണ്ടാതിരിക്കുന്നതാന്ന് ഏറ്റവും നല്ലത്. പക്ഷെ അതൊന്നുമൊരു വിഷയമല്ല. ഞങ്ങൾ ഒരു മികച്ച ടീമാണ്. അങ്ങനെ എല്ലാവരും വിചാരിക്കുകയും ചെയ്യുന്നു,’ എംബാപ്പെക്ക് മറുപടിയായി മാർട്ടീനസ് പറഞ്ഞു.

മുമ്പ് ലാറ്റിനമേരിക്കൻ ടീമുകളെക്കാൾ യൂറോപ്യൻ ടീമുകൾ മികച്ചതാണെന്നും. ക്വാളിറ്റിയുള്ള മത്സരങ്ങൾ തുടർച്ചയായി കളിക്കാൻ അവർക്ക് അവസരമുണ്ടെന്നും എംബാപ്പെ പറഞ്ഞിരുന്നു.

“ഞങ്ങൾക്ക് യൂറോപ്പിൽ ലഭിക്കുന്ന മുൻ‌തൂക്കം എന്തെന്നാൽ മികച്ച മത്സരങ്ങൾ നിരന്തരം കളിക്കാൻ ഞങ്ങൾക്ക് എപ്പോഴും സാധിക്കുന്നു, എന്നതാണ്. നേഷൻസ് ലീഗ് ഇതിനൊരു ഉദാഹരണമാണ്. ഞങ്ങൾ ലോകകപ്പിന് തയാറാണ്. ബ്രസീലിനും അർജന്റീനക്കും ഇത്രയേറെ മികച്ച മത്സരങ്ങൾ ലാറ്റിനമേരിക്കയിൽ കളിക്കാനാവില്ല. ലാറ്റിനമേരിക്കൻ ഫുട്ബോൾ യൂറോപ്പിനെപോലെ ഇപ്പോൾ അഡ്വാൻസ്ഡ് അല്ല.

അതുകൊണ്ടാണ് അവസാന ലോകകപ്പ് കിരീടങ്ങൾ തുടർച്ചയായി യൂറോപ്പിലേക്ക് വന്നുകൊണ്ടിരിക്കുന്നത്,’ എംബാപ്പെ പറഞ്ഞിരുന്നു.
ഇതിനുള്ള മറുപടിയായാണ് പത്രസമ്മേളനത്തിൽ എംബാപ്പെക്കെതിരെ എമിലിയാനോ മാർട്ടീനസ് പ്രതികരിച്ചത്.

“അവർ യൂറോപ്പിൽ കളിക്കുന്നവരാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷെ അതിലൊന്നും കാര്യമില്ല. പക്ഷെ അർജന്റീനക്കും ബ്രസീലിനും വേണ്ടി കളിക്കുന്നവർ മികച്ച ക്വാളിറ്റിയും പ്രതിഭയും ഉള്ളവരാണ്. എംബാപ്പെയുടെ കമന്റ്‌ തീർത്തും അനുചിതമായിപ്പോയി,’ മാർട്ടീനസ് കൂട്ടിച്ചേർത്തു.

അതെസമയം ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയിക്കാനായാൽ ഇറ്റലിക്കും, ബ്രസീലിനും ശേഷം തുടർച്ചയായ രണ്ട് ലോകകിരീടം സ്വന്തമാക്കുന്ന ടീം എന്ന ബഹുമതി ഫ്രാൻസിന് സ്വന്തമാക്കാം. മത്സരത്തിൽ അർജന്റീന വിജയിച്ചാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം ലാറ്റിനമേരിക്കയിലേക്ക് ലോകകപ്പ് കിരീടം എത്തും.

2006ല്‍ ഫ്രാന്‍സ് ഫൈനലില്‍ ഇറ്റലിയോട് തോറ്റിരുന്നു. അര്‍ജന്റീന 2014ൽ ജർമനിയോടും ഫൈനൽ പോരാട്ടത്തിൽ കീഴടങ്ങി.

Content Highlights:He doesn’t know much about football: Argentinian footballer on Mbappe

Latest Stories

We use cookies to give you the best possible experience. Learn more