അവന് ഫൗൾ വിളിക്കാനല്ലാതെ മര്യാദക്ക് കളിക്കാനറിയില്ല; റയൽ മാഡ്രിഡ്‌ സൂപ്പർ താരത്തിനെതിരെ ആരാധകർ
football news
അവന് ഫൗൾ വിളിക്കാനല്ലാതെ മര്യാദക്ക് കളിക്കാനറിയില്ല; റയൽ മാഡ്രിഡ്‌ സൂപ്പർ താരത്തിനെതിരെ ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th January 2023, 8:19 am

ലാ ലിഗയിൽ ലോകകപ്പിന്റെ ഇടവേള കഴിഞ്ഞ ശേഷം മത്സരം മുറുകുകയാണ്. പരമ്പരാഗതമായി റയലും ബാഴ്സയും അത് ലറ്റിക്കോ മാഡ്രിഡും കയ്യടക്കി വെച്ചിരിക്കുന്ന ലീഗ് ടൈറ്റിൽ സ്ഥാനത്തിന് വേണ്ടി ഇപ്രാവശ്യവും ഈ ടീമുകൾ തന്നെയാണ് രംഗത്തുള്ളത്.

ലീഗ് ഏകദേശം പകുതിപിന്നീടാറാകുമ്പോൾ ബാഴ്സയും റയലും ഒരേ പോയിന്റ് നിലയോടെ ലീഗ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്തുണ്ട്. ഗോൾ വ്യത്യാസത്തിന്റെ കണക്കിൽ മാത്രമാണ് ബാഴ്സക്ക് ഒന്നാം സ്ഥാനത്ത് നില നിൽക്കാൻ സാധിക്കുന്നത്.

എന്നാൽ ശനിയാഴ്ച നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് വിയ്യാ റയലിനോട് 2-1ന്റെ തോൽവി വഴങ്ങേണ്ടി വന്നിരുന്നു.
മത്സരത്തിൽ സൂപ്പർ താരങ്ങളുടെ വലിയ നിരയുള്ള റയലിനെ അപ്രസക്തരാക്കുന്ന പ്രകടനമാണ് വിയ്യാ റയൽ പുറത്തെടുത്തത്.

കരീം ബെൻസെമയുടെ പെനാൽട്ടി ഗോളിൽ നിന്നാണ് റയലിന്റെ ആശ്വാസ ഗോൾ പിറന്നത്. വിയ്യാ റയലിനായി യെർമി പിനോ, ജെറാഡ് മൊറീനോ എന്നിവർ വിജയ ഗോളുകൾ സ്വന്തമാക്കി.

എന്നാൽ മത്സരം റയൽ പരാജയപ്പെട്ടതോടെ റയൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെതിരെ വലിയ പ്രതിഷേധമാണ് ആരാധകർ ഉയർത്തുന്നത്.
ജൂനിയറിന്റെ പ്രതിഭ എന്നത് ഓവർറേറ്റഡ് ആണെന്നും മികച്ച പ്രതിരോധ നിരക്ക് എളുപ്പത്തിൽ ജൂനിയറിനെ മറികടക്കാൻ സാധിക്കുമെന്നാണ് റയൽ ആരാധകർ വാദിക്കുന്നത്.

മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ ലഭ്യമായിട്ടും അതൊന്നും ഉപയോഗിക്കാതെ പാഴാക്കികളഞ്ഞതിനാലാണ് വിനീഷ്യസ് ജൂനിയറിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകർ വിമർശനം ഉന്നയിക്കുന്നത്.

കൂടാതെ കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാതെ അനാവശ്യമായി ഫൗൾ വിളിക്കുക മാത്രമാണ് ജൂനിയർ ചെയ്യുന്നതെന്നും ഒരു വിഭാഗം ആരാധകർ വാദിക്കുന്നു.

റയലിനായി ഇത് വരെ 17 ഗോളുകളും 10 അസിസ്റ്റുകളുമാണ് വിനീഷ്യസിന്റെ സമ്പാദ്യം. അതിൽ ഒമ്പത് ഗോളുകളും നേടിയത് ഈ സീസണിലാണ്.
അതേസമയം കോപ്പാ ഡെൽ റേയിൽ ജനുവരി 18ന് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.

 

Content Highlights:He doesn’t know how to play well except to call fouls; Fans against Real Madrid