| Friday, 28th April 2023, 2:06 pm

ക്യാപ്റ്റന്‍സി എങ്ങനെ കൊണ്ടുപോകണമെന്ന് അവനറിയില്ല; വിമര്‍ശിച്ച് മുന്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ പാക് പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് പരമ്പരയില്‍ മുന്നിട്ടുനിന്ന പാകിസ്ഥാനെ തുടര്‍ന്നുള്ള മൂന്നും അഞ്ചും കളികളില്‍ പരാജയപ്പെടുത്തി സന്ദര്‍ശകര്‍ പരമ്പര സമനിലയിലാക്കുകയായിരുന്നു.

നാലാം മത്സരം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പാക് നായകന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. നാല് വര്‍ഷമായി ക്യാപ്റ്റനായിരുന്നിട്ടും മത്സരങ്ങളിലെ നിര്‍ണായക സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ അസമിന് ധാരണയില്ലെന്നാണ് അക്മല്‍ പറയുന്നത്.

‘തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, വിമര്‍ശിക്കുന്നതിന്റെ പേരില്‍ അവര്‍ക്ക് നമ്മളോട് ബുദ്ധിമുട്ട് തോന്നും. നമ്മള്‍ അവരുടെ പ്രകടനത്തിലല്ല, ക്യാപ്റ്റന്‍സിയിലാണ് ശ്രദ്ധിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷവും എങ്ങനെയാണ് ക്യാപ്റ്റന്‍സി മുന്നോട്ട് കൊണ്ട് പോകേണ്ടതെന്ന് അസമിന് അറിയില്ല. ഏത് ബൗളര്‍ക്ക് എപ്പോള്‍ പന്ത് കൊടുക്കണമെന്നതിനെക്കുറിച്ച് അവന് ധാരണയൊന്നുമില്ല. തുടര്‍ച്ചയായി ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ പരാജയപ്പെടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. നമ്മള്‍ തെറ്റുകള്‍ നിയന്ത്രിക്കാതിരുന്നത് കൊണ്ടാണ് എതിരാളികള്‍ വിജയിച്ചത്,’ അക്മല്‍ പറഞ്ഞു.

ഷദബ് ഖാനെതിരെ ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ ബൗളിങ്ങില്‍ ഇഫ്തിക്കര്‍ അഹമ്മദിനെ വേണ്ടവിധം അസം ഉപയോഗിക്കാതിരുന്നതിനെയും അക്മല്‍ ചോദ്യം ചെയ്തു.

‘രണ്ട് ഇടംകയ്യന്‍ ബാറ്റര്‍മാര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇഫ്തിക്കര്‍ അഹമ്മദിനെ പന്തേല്‍പ്പിക്കുക എന്നതാണ് ശരിയായ തീരുമാനം. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് ചൂടറിഞ്ഞ ലെഗ് സ്പിന്നര്‍ ഷദബ് ഖാനാണ് ബൗള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്,’ അക്മല്‍ പറഞ്ഞു.

നിലവില്‍ ന്യൂസിലാന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കുകയാണ് പാകിസ്താന്‍. വെള്ളിയാഴ്ച നടന്ന ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയം നേടാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിയുടെയും വില്‍ യങ്ങിന്റെ 86 റണ്‍സിന്റെയും മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് നേടിയത്. 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടാന്‍ പാക് പടയ്ക്ക് കഴിഞ്ഞു. 117 റണ്‍സ് നേടിയ ഫാഖര്‍ സമാന്‍, 60 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖ് എന്നിവരുടെ പ്രകടനമാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ബാബര്‍ അസം 49 റണ്‍സ് നേടിയിരുന്നു.

Content Highlights: He doesn’t know how to carry the captaincy; Former star criticized Asam

We use cookies to give you the best possible experience. Learn more