ബ്രസീലിന്റെയും ബാഴ്സലോണയുടെയും സൂപ്പർ താരമായിരുന്നു റൊണാൾഡീന്യോ. മെസി ബാഴ്സയിലേക്ക് എത്തുന്ന കാലത്ത് തന്നെ കാറ്റലോണിയൻ ക്ലബ്ബിനായി മികവോടെ കളിച്ചിരുന്ന റൊണാൾഡീന്യോ, മെസിയെത്തി അധികം വൈകാതെ തന്നെ ക്ലബ്ബ് വിടുകയായിരുന്നു.
ഇപ്പോൾ റൊണാൾഡീന്യോയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ലയണൽ മെസി.
റൊണാൾഡീന്യോ കൂടുതൽ കാലം ബാഴ്സയിൽ കളിക്കണമായിരുന്നെന്നും അദ്ദേഹം ക്ലബ്ബിന് നേടിക്കൊടുത്ത നേട്ടങ്ങൾക്ക് തുല്യമായ പരിഗണന ബാഴ്സയിൽ റൊണാൾഡീന്യോക്ക് ലഭിച്ചില്ലെന്നുമാണ് മെസി അഭിപ്രായപ്പെട്ടത്.
2008ൽ ക്ലബ്ബ് വിടുന്നതിന് മുന്നോടിയായി കളിച്ച 207 മത്സരങ്ങളിൽ നിന്നും 94 ഗോളുകളും 70 അസിസ്റ്റുകളുമാണ് ബാഴ്സലോണക്കായി റൊണാൾഡീന്യോ സ്വന്തമാക്കിയത്.
“സംഭവിച്ചതിൽ വെച്ചേറ്റവും മോശമായ കാര്യമെന്തെന്നാൽ അദ്ദേഹം ക്ലബ്ബിന് നേടിക്കൊടുത്തതിന് തുല്യമായ പരിഗണനയൊന്നും ബാഴ്സലോണയിൽ റൊണാൾഡീന്യോക്ക് ലഭിച്ചിരുന്നില്ല. ബാഴ്സയുടെ ചരിത്രം തന്നെ മാറ്റിമറിച്ച താരമാണ് അദ്ദേഹം.
അദ്ദേഹം ക്ലബ്ബ് വിട്ട രീതി വളരെ വിചിത്രമാണ്. എനിക്ക് കൂടുതൽ കാലം അദ്ദേഹത്തിനൊപ്പം കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹമുണ്ടായിരുന്നു,’ മെസി പറഞ്ഞു.
പെപ്പ് ബാഴ്സയുടെ പരിശീലകനായി വന്ന ശേഷം ക്ലബ്ബ് വിട്ട റൊണാൾഡീന്യോ പിന്നീട് ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനിലേക്ക് ചേക്കേറുകയായിരുന്നു.
അതേസമയം ലാ ലിഗയിൽ നിലവിൽ 26 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളോടെ 68 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
ഏപ്രിൽ രണ്ടിന് എൽച്ചെക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:He didn’t deserve that after everything he did messi about