| Wednesday, 11th December 2024, 12:30 pm

അവന്റെ ജോലിയാണ് ചെയ്തത്; വീഡിയോ ചിത്രീകരണവും കണ്ടന്റ് ക്രിയേഷനും തൊഴിലാണെന്ന് മനസിലാക്കണം; ആല്‍വിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കാട്: കോഴിക്കോട് ബീച്ച് റോഡില്‍ പരസ്യചിത്രീകരണത്തിനിടെ യുവാവ് കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ മരണപ്പെട്ട ആല്‍വിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാവുന്നു.

വിദേശത്ത് നിന്ന് മെഡിക്കല്‍ ചെക്കപ്പിനായാണ് ആല്‍വിന്‍ നാട്ടില്‍ എത്തിയതെന്നും ഈ ഇടവേളയില്‍ തന്റെ ജോലിയുടെ ഭാഗമായ പ്രൊമോഷന്‍ ചിത്രീകരണത്തിനിടെയെയാണ് അപകടം ഉണ്ടായതെന്നും ജംഷിദ് പള്ളിപ്രം എന്ന ഫേസ്ബുക്ക് ഉപയോക്താവ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഈ അപകടം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ റീല്‍ ചിത്രീകരണത്തിനിടെ അപകടം, യുവാവ് മരണപ്പെട്ടു എന്നീ തലക്കെട്ടുകളോട് വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയപ്പോള്‍ മലയാളികളുടെ ഒന്നാകെ പരിഹാസത്തിനാണ് ആ യുവാവ് ഇരയായതെന്ന് പോസ്റ്റില്‍ പറയുന്നു. അതിന് പകരം പരസ്യചിത്രീകരണത്തിനിടെ മരണം എന്നെങ്കിലും കൊടുക്കാമായിരുന്നെന്നും ജംഷിദ് ചൂണ്ടിക്കാട്ടുന്നു.

രണ്ട് വര്‍ഷം മുമ്പ് കിഡ്നി ഓപ്പറേഷന്‍ കഴിഞ്ഞ ആളാണ് ആല്‍വിന്‍. അതിനാല്‍ ആറ് മാസങ്ങള്‍ കൂടുമ്പോള്‍ മെഡിക്കല്‍ ചെക്കപ്പ് ചെയ്യണം. ഇതിനായാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഇക്കാരണത്താല്‍ ഭാരമുള്ള ജോലികളൊന്നും ചെയ്യാന്‍ സാധിക്കില്ല. വീഡിയോ ഗ്രാഫറായ ആല്‍വിന്‍ നാട്ടിലെത്തിയപ്പോള്‍ ഒരു കമ്പനിയുടെ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

പരസ്യ ചിത്രീകരണത്തിനിടെ അപകടമെന്ന് നല്‍കാവുന്ന ഒരു തലകെട്ട് കേവലം റീലാക്കുന്ന ബുദ്ധി മാധ്യമങ്ങളുടെ ഡെസ്‌കില്‍ നിന്നും വരുന്നത് അത്തരം വാര്‍ത്തകള്‍ കൊത്തിതിന്നാന്‍ കാത്തിരിക്കുന്ന മലയാളി തന്തമാരെ മുന്നില്‍ കണ്ടാണെന്നും ജംഷിദിന്റെ പോസ്റ്റില്‍ പറയുന്നു.

ഈ ലക്ഷ്യം വിജയിച്ചതോടെ നിമിഷ നേരങ്ങള്‍ കൊണ്ട് കമന്റ് ബോക്സില്‍ ആല്‍വിനെതിരെ പരിഹാസങ്ങളും ആക്ഷേപങ്ങളും ഉയരുകയുണ്ടായി. എന്നാല്‍ വെറും ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള അവന്‍ ചെറിയ പ്രായത്തില്‍ തന്നെ തൊഴില്‍ ചെയ്ത് ജീവിക്കുകയായിരുന്നു.

എന്നാല്‍ അതേ തൊഴിലിടത്ത് വെച്ച് നടന്ന അപകടത്തില്‍ മരണപ്പെട്ട അവന്റെ മരണത്തെയാണ് ആള്‍ക്കൂട്ടം പരിഹസിക്കുന്നതെന്നും ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന് തുല്യമാണെന്നും ജംഷീദ് പറയുന്നു.

അതിനാല്‍തന്നെ വീഡിയോ പ്രമോഷനും കണ്ടന്റ് ക്രിയേഷനും തൊഴിലാണെന്നും ആ തൊഴിലിലൂടെ പുതിയ തലമുറ വരുമാനം കണ്ടെത്തുന്നുണ്ടെന്നും ഇത്തരക്കാരെ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലെന്നും പോസ്റ്റില്‍ പറയുന്നു. അതിനാല്‍ ആല്‍വിന്റെ മരണ വാര്‍ത്തയില്‍ ചുറ്റും നിന്ന് ചിരിക്കുന്ന സമൂഹത്തില്‍ നിന്നും മാറിനിന്ന് കൊണ്ട് അവന് സ്നേഹത്തോടെ യാത്ര പറഞ്ഞാണ് ജംഷീദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: He did his work; Understand that video filming and content creation is a profession; Facebook post discussed in cyber attack against Alvin

We use cookies to give you the best possible experience. Learn more