ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാടിനോടൊപ്പം നില്‍ക്കാത്ത പാര്‍ട്ടി അംഗങ്ങളെ കണ്ടെത്താന്‍ തീരുമാനിച്ച് സി.പി.ഐ.എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മറ്റി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നുകൊണ്ട് ബി.ജെ.പിക്ക് വോട്ട് ചെയ്തവരെ പുറത്താക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ ആണ് തീരുമാനം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം വോട്ട് ശതമാനം ഇടിഞ്ഞിരുന്നു. 22% വോട്ടുണ്ടായിരുന്നത് 6 ശതമാനത്തിലേക്ക് മാറിയിരുന്നു. ഇതിന് ശേഷമാണ് ശുദ്ധീകരണ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ബംഗാളില്‍ സി.പി.ഐ.എമ്മിന് 1,95,967 പാര്‍ട്ടി അംഗങ്ങളാണുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും താഴെതട്ടിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ സജീവമല്ല.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാത്ത 200ഓളം പാര്‍ട്ടി അംഗങ്ങളെ പുരുലിയ, പശ്ചിമ മിഡ്‌നാപൂര്‍, ഹൂഗ്‌ളി, നാദിയ ജില്ലകളില്‍ നിന്നായി സി.പി.ഐ.എം കണ്ടെത്തിക്കഴിഞ്ഞു.
പോളിംഗ് ഏജന്റ് ഉണ്ടായിരുന്ന ചില ബൂത്തുകളില്‍ പോലും ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടും ലഭിക്കാത്ത അവസ്ഥയുണ്ടായി. വഞ്ചന നടത്തിയ അത്തരം അംഗങ്ങളെ കണ്ടെത്തി പുറത്താക്കാനോ സസ്‌പെന്‍ഡ് ചെയ്യുന്നതിനോ ഉള്ള നടപടി സ്വീകരിക്കുവാന്‍ ഞങ്ങള്‍ ജില്ലാ കമ്മറ്റികളോട് ആവശ്യപ്പെട്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
അത് ഞങ്ങളുടെ എണ്ണത്തെ കുറച്ചേക്കാം. പക്ഷെ ഞങ്ങളുടെ മുമ്പില്‍ മറ്റൊരു വഴിയില്ല. അത്തരം പാര്‍ട്ടി അംഗങ്ങളെ തുടരാന്‍ അനുവദിച്ചാല്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ ഇപ്പോഴും വിശ്വസിച്ച് നില്‍ക്കുന്നവര്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.വളരെ പെട്ടെന്ന് തന്നെ ‘വഞ്ചകരായ’ പാര്‍ട്ടി അംഗങ്ങളെ കണ്ടെത്താന്‍ ജില്ലാ കമ്മറ്റികള്‍ താഴെ തട്ടിലുള്ള കമ്മറ്റികളോട് ആവശ്യപ്പെട്ടു.