എന്റെ മകന്‍ രാഷ്ട്രീയത്തിന്റെ ഇര; സി.ബി.ഐ അവനെ കുടുക്കിയത് എന്തിനാണെന്ന് അറിയാമെന്ന് കൊല്‍ക്കത്ത പൊലീസ് മേധാവിയുടെ അമ്മ
Modi Vs Didi
എന്റെ മകന്‍ രാഷ്ട്രീയത്തിന്റെ ഇര; സി.ബി.ഐ അവനെ കുടുക്കിയത് എന്തിനാണെന്ന് അറിയാമെന്ന് കൊല്‍ക്കത്ത പൊലീസ് മേധാവിയുടെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th February 2019, 3:02 pm

 

ന്യൂദല്‍ഹി: തന്റെ മകന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് മേധാവി രാജീവ് കുമാറിന്റെ അമ്മ. രാഷ്ട്രീയത്തിന്റെ ഇരയാണ് അവനെന്നും അവര്‍ പറഞ്ഞു.

” ഇന്നും ഇന്നലെയും ഞാന്‍ അവനോട് സംസാരിച്ചിരുന്നു. അവന് തെറ്റൊന്നും ചെയ്യാന്‍ പറ്റില്ല. അവന്‍ രാഷ്ട്രീയത്തിന്റെ ഇരയാണ്. ബി.ജെ.പി നേതാക്കളെ ബംഗാളില്‍ റാലി നടത്താന്‍ അനുവദിച്ചില്ല. അവരുടെ ചോപ്പറുകള്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. അതിന്റെ പേരിലാണ് സി.ബി.ഐ എന്റെ മകനെ കുടുക്കിയത്.” അവര്‍ പറഞ്ഞു.

താനെപ്പോഴും മകനൊപ്പമാണെന്നും അവര്‍ പറഞ്ഞു.

ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ഞായറാഴ്ച രാത്രി ബംഗാള്‍ പൊലീസ് തടഞ്ഞതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

Also read:അന്നേ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്… കൈക്കൂലി വാങ്ങരുതെന്ന്; ഹിമാലയവാസത്തിനും വനവാസത്തിനും ശേഷം മോദി

നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

2013 ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.