പുസ്തകങ്ങൾ മാത്രമായിരുന്നു അവന്റെ ഏക സമ്പാദ്യം, പൊലീസ് അവനെ കൊന്നു; പാർഭാനിയിൽ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട യുവാവിന്റെ കുടുംബം പ്രതിഷേധത്തിലേക്ക്
national news
പുസ്തകങ്ങൾ മാത്രമായിരുന്നു അവന്റെ ഏക സമ്പാദ്യം, പൊലീസ് അവനെ കൊന്നു; പാർഭാനിയിൽ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട യുവാവിന്റെ കുടുംബം പ്രതിഷേധത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2024, 9:22 am

പൂനെ: പാർഭാനിയിൽ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട യുവാവിന്റെ കുടുംബം നീതി തേടി പ്രതിഷേധത്തിലേക്ക്. ഡിസംബർ 15 ന്, നിയമവിദ്യാർത്ഥിയായ സോമനാഥ് സൂര്യവംശി തൻ്റെ നിയമ പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടു. പുസ്തകങ്ങൾ മാത്രമായിരുന്നു അവന്റെ ഏക സമ്പാദ്യമെന്ന് കൊല്ലപ്പെട്ട സോമനാഥിന്റെ അമ്മാവൻ പറയുന്നു.

ഡിസംബർ 10ന് പർഭാനി നഗരത്തിൽ സ്ഥാപിച്ചിരുന്ന ഭരണഘടനയുടെ പകർപ്പ് ഒരാൾ നശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് നശീകരണ പ്രവർത്തനങ്ങൾ നടന്നത്.

അക്രമിയായ പവാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സംഭവം പർഭാനി ജില്ലയിൽ ബന്ദിന് കാരണമായി. ഡിസംബർ 11ന്, ജില്ലയിൽ സമ്പൂർണ അടച്ചുപൂട്ടലിന് അംബേദ്കറൈറ്റുകൾ ആഹ്വാനം ചെയ്തു. പ്രവർത്തകർ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചതോടെ പ്രക്ഷോഭം കൂടുതൽ അക്രമാസക്തമായി.

പിന്നാലെ 50 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരോടൊപ്പം സോമനാഥ്‌ സൂര്യവൻഷിയുമുണ്ടായിരുന്നു. ഡിസംബർ 15 ന് അദ്ദേഹം പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടു.

ഡിസംബർ 14ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിന് മുമ്പ് സൂര്യവൻഷി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. അറസ്റ്റ് ചെയ്തവരെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും അറസ്റ്റിലായവരിൽ ഭൂരിഭാഗം പേർക്കും ആന്തരികവും ബാഹ്യവുമായ പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും സൂര്യവൻഷിയുടെ അഭിഭാഷകൻ പവൻ ജോൻഡാലെ മജിസ്‌ട്രേറ്റ് കോടതിയിൽ വാദിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ എസ്.ഐ.ടി രൂപീകരിച്ചു, ഒരു പൊലീസ് സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്യുകയും മറ്റൊരാളോട് അവധിയിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സർക്കാർ മരണപ്പെട്ട സോമനാഥിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നിരുന്നാലും, സോമനാഥിൻ്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതിലൂടെ മാത്രം നീതി ലഭിക്കില്ല.

പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട, നാടോടികളായ സോമനാഥിന്റെ വഡാർ കുടുംബം , 35കാരനായ സോമനാഥ് വിദ്യാഭ്യാസത്തിനായി വളരെയധികം പണവും ചെലവഴിച്ചിരുന്നു. നാടോടി വിഭാഗത്തിൽ പെട്ട വഡാർ സമൂഹത്തിൽ നിന്ന് വളരെ കുറച്ചുപേർ മാത്രമേ ഉന്നത പഠനം നടത്തുന്നുള്ളൂ.

2018ൽ സോമനാഥിൻ്റെ പിതാവിൻ്റെ മരണം കുടുംബത്തിൻ്റെ സാമ്പത്തിക സ്രോതസ്സുകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. കുടുംബത്തിന്റെ ഏക പ്രതീക്ഷയായ സോമനാഥ്‌ ആണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഇതോടെയാണ് സോമനാഥിന്റെ മരണത്തിൽ നീതി തേടി കുടുംബം പ്രതിഷേധം ആരംഭിച്ചത്.

Content Highlight: ‘He aspired to be just 1% of Babasaheb, but police killed him’: A family in Maharashtra’s Parbhani seeks justice