Kerala News
മുസല്‍മാനാണോയെന്ന് ചോദിച്ചു; മാലിന്യത്തില്‍ നിന്ന് ഭക്ഷണം തന്നു; ട്രെയിന്‍ ജീവനക്കാര്‍ മോശമായി പെരുമാറിയതായി യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 14, 11:32 am
Wednesday, 14th June 2023, 5:02 pm

കോഴിക്കോട്: മുംബൈയിലെ പനവേളില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിനില്‍ യാത്ര ചെയ്ത യുവതിക്കും കുടുംബത്തിനും മാലിന്യത്തില്‍ നിന്ന് ഭക്ഷണം കൊടുത്തതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച രാജധാനി എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിനിലെ സ്റ്റാഫുകള്‍ മുസല്‍മാനാണോ എന്ന് ചോദിച്ചുവെന്നും യുവതി മീഡിയാ വണിനോട് പറഞ്ഞു. അതിന് ശേഷം തന്ന ഭക്ഷണം മോശമാണെന്ന് മനസിലായപ്പോള്‍ യുവതി പ്രതികരിക്കുകയായിരുന്നു.

യുവതിയുടെ മാതാവും കുടുംബ സുഹൃത്തിനുമൊപ്പമുള്ള യാത്രയിലാണ് മോശം അനുഭവം ഉണ്ടായിട്ടുള്ളത്.

‘ഉപയോഗിച്ച ബ്ലാങ്കറ്റായിരുന്നു അവിടെയുണ്ടായത്. അതുകൊണ്ട് തന്നെ പുതിയ ബ്ലാങ്കറ്റ് തരണമെന്ന് പറഞ്ഞു. അത് സ്റ്റാഫിന് ഇഷ്ടമായില്ല. കിടക്കാന്‍ നേരത്ത് അതേ സ്റ്റാഫുകള്‍ ഞങ്ങളുടെ അടുത്ത് വന്ന്  എന്താണ് പേരെന്ന് ചോദിച്ചു. ഞങ്ങള്‍ പേര് പറഞ്ഞു.

മുസല്‍മാനാണോ എന്ന് ചോദിച്ചു. അപ്പോള്‍ കുറച്ച് മോശമായി തോന്നി. അത് ഒഫീഷ്യലായിട്ട് ആരും ചോദിക്കേണ്ട കാര്യമല്ല. അതേ, എന്ത് പറ്റി സര്‍ എന്ന് ചോദിച്ചു. ഒന്നുമില്ല മാഡം, കുച്ച് നഹി എന്ന് പറഞ്ഞ് അവര്‍ പോയി. പിന്നീട് മറ്റുള്ളവര്‍ക്ക് കൊടുത്ത് 10 മിനുട്ട് കഴിഞ്ഞിട്ടാണ് ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത്.

രാവിലത്തെ ഭക്ഷണം താമസിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഞങ്ങളുടേത് താമസിക്കുന്നതെന്ന് ചോദിച്ചു. മാഡം നിങ്ങള്‍ക്ക് ഞങ്ങള്‍ സ്‌പെഷ്യല്‍ ഉണ്ടാക്കി തരികയാണെന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. പക്ഷേ കഴിച്ച് കഴിഞ്ഞപ്പോള്‍ പഴകിയ ബ്രെഡിന്റെ രുചിയാണ് തോന്നിയത്. എനിക്ക് അങ്ങനെ തോന്നിയപ്പോള്‍ അത് കഴിക്കണ്ടെന്ന് മറ്റുള്ളവരെ നിര്‍ദേശിച്ചു.

ഉച്ചയ്ക്ക് തന്ന ഭക്ഷണം തുറന്നപ്പോള്‍ അവിടെ നില്‍ക്കുന്ന എല്ലാവരും ഞങ്ങളുടെ ഭക്ഷണത്തിലേക്കാണ് നോക്കിയത്. അത്രയും മണമായിരുന്നു,’ യുവതി പറഞ്ഞു.

ബോഗിയിലുണ്ടായിരുന്ന ആര്‍മി ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മാലിന്യത്തില്‍ നിന്നും എടുത്താണ് ഭക്ഷണം വിളമ്പിയതെന്ന് ജീവനക്കാര്‍ സമ്മതിച്ചത്. ഭക്ഷണം കഴിച്ചയുടനേ ഛര്‍ദ്ദിച്ചുവെന്നും അല്ലെങ്കില്‍ മരിച്ചു പോകുമായിരുന്നെന്നും യുവതി പറഞ്ഞു.

‘ഞങ്ങള്‍ മരിച്ചില്ലെന്നേയുള്ളൂ. ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഛര്‍ദ്ദിച്ചു. അല്ലെങ്കില്‍ ഞങ്ങളില്‍ ആരൊക്കെ ഇന്ന് ജീവനോടെയുണ്ടാകുമെന്ന് പറയാന്‍ പറ്റില്ല. അവര്‍ നമ്മളോട് സോറി പറയുന്നതിന് പകരം പെട്ടെന്ന് കോംപ്രമൈസ് ചെയ്യാനാണ് ശ്രമിച്ചത്. ഇത് പുറത്ത് പറയരുത് ഞങ്ങളെ ബാധിക്കും അതുകൊണ്ട് പുറത്ത് പറയരുത് മാഡം എന്നൊക്കെ പറഞ്ഞു. ഇനി നിങ്ങള്‍ ഇതിന് കേസ് കൊടുത്താല്‍ നിങ്ങള്‍ ദല്‍ഹിയിലും മുംബൈയിലും വന്ന് ബുദ്ധിമുട്ടേണ്ടി വരുമെന്നും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നുമുള്ള രീതിയില്‍ സംസാരിച്ചു,’

സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു.

CONTENT HIGHLIGHTS: He asked if he was a Muslim; fed from the garbage; The woman alleged that the train staff misbehaved