| Monday, 24th July 2023, 1:16 pm

'മകളെ ജീവനോടെ വേണോയെന്ന് ചോദിച്ചു;' മണിപ്പൂരില്‍ കൊല്ലപ്പെട്ട യുവതിയുടെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്നേ ദിവസമുണ്ടായ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തി പെണ്‍കുട്ടികളിലൊരാളുടെ മാതാവ്. നിങ്ങള്‍ക്ക് മകളെ ജീവനോടെയാണോ അല്ലാതെയാണോ വേണ്ടതെന്ന് ഫോണിലൂടെ ഒരു സ്ത്രീ ചോദിച്ചുവെന്ന് അവര്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫോണ്‍ കോള്‍ വന്നപ്പോള്‍ തനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും പിന്നീട് മരണ വാര്‍ത്തയാണ് താന്‍ അറിയുന്നതെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

‘എനിക്ക് ഇപ്പോഴും സത്യം അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്റെ മകള്‍ തിരിച്ച് വരുമെന്നാണ് എന്റെ പ്രതീക്ഷ. അവളുടെ മൃതദേഹം ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അവള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവളുടെ അച്ഛന്‍ ഇപ്പോഴും സേനാപതി ആശുപത്രിയിലാണുള്ളത്. എന്റെ മകള്‍ക്ക് സംഭവിച്ചത് എനിക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല.

അക്രമം കണ്ടപ്പോള്‍ എനിക്ക് പേടിയായി. അപ്പോഴാണ് ഞാന്‍ അവളെ ഫോണ്‍ വിളിച്ച് അന്വേഷിച്ചത്. അപ്പോള്‍ ഒരു സ്ത്രീയായിരുന്നു ഫോണെടുത്തത്. നിങ്ങള്‍ക്ക് മകളെ ജീവനോടെയാണോ അല്ലാതെയാണോ വേണ്ടതെന്ന് അവര്‍ എന്നോട് ചോദിച്ചു. അത് കേട്ടപ്പോള്‍ ഞാന്‍ സ്തംഭിച്ച് പോയി.

ഞാനൊരു ഹൃദ്രോഗിയാണ്. അതുകൊണ്ട് തന്നെ എന്നോട് ഒരു കാര്യവും കുടുംബാംഗങ്ങള്‍ പറയാറില്ല. ഫോണ്‍ കോള്‍ വന്നതിന് ശേഷം ഞാനെന്റെ മക്കളെ വിളിച്ച് വരുത്തി എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞു കൊടുത്തു. അതിന് ശേഷം ഞാനൊരു ഫോണ്‍ കോളും എടുത്തിട്ടില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ മറ്റൊരു ഫോണ്‍ കോളിലൂടെ അറിഞ്ഞു,’ അവര്‍ പറഞ്ഞു.

ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകുന്നതെന്നും പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ ഇതുവരെ ഇതുപോലത്തെ കൊലപാതകം ഞാന്‍ കണ്ടിട്ടില്ല. ആദ്യമായാണ് ഇത്തരമൊരു അവസ്ഥയിലൂടെ ഞാന്‍ കടന്നു പോകുന്നത്. ഞങ്ങള്‍ വേദന എന്താണെന്ന് അറിഞ്ഞു. എന്താണ് പറയേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല.

ഞങ്ങളുടെ ഗ്രാമം കത്തിയെരിയുമ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരി മോര്‍ച്ചറിയിലാണോ, അതോ മറ്റെവിടെയെങ്കിലുമാണോയെന്ന് എനിക്കറിയില്ല,’ അവര്‍ പറഞ്ഞു.

അതേസമയം മൃതദേഹം ഇതുവരെ വീട്ടുകാര്‍ ഏറ്റുവാങ്ങിയിട്ടില്ല. രണ്ട് പേരുടെയും മൃതദേഹം ഇംഫാലിലെ ജവഹര്‍ ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മെയ് അഞ്ചിനാണ് കാര്‍ വാഷിനടുത്ത് 21 ഉം 24ഉം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊല നടത്തിയത്. ഏഴ് പേര്‍ അവരുടെ വാ മൂടിക്കെട്ടി മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരും നിലവിളിക്കുകയും അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അക്രമികള്‍ അവരെ വെറുതെ വിട്ടില്ല. ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീയാണ് ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ഈ കേസില്‍ ഇതു വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങളുടെ സ്ഥിരീകരണം.

മെയ് മൂന്നിന് മണിപ്പൂരില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 150ഓളം പേര്‍ മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 40000ത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.

content highlights: ‘He asked if he wanted his daughter alive;’ The mother of the woman who was killed in Manipur

We use cookies to give you the best possible experience. Learn more