| Sunday, 11th February 2024, 2:32 pm

പിന്നാലെ പ്രണവും ആ കിണറ്റിലേക്ക് എടുത്തുചാടി; അവന്റെ ഗട്ട്സ് മനസിലാക്കിയ നിമിഷം: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹന്‍ലാല്‍. 2003ല്‍ മേജര്‍ രവിയും രാജേഷ് അമനകരയും എഴുതി സംവിധാനം ചെയ്ത പുനര്‍ജനി എന്ന സിനിമയിലൂടെ പ്രണവിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

ആ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് നടന്ന ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് മേജര്‍ രവി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ദിവസം ഞാന്‍ പ്രണവിനോട് നമുക്ക് ഒരു കുളത്തില്‍ പോയി കുളിക്കാമെന്ന് പറഞ്ഞു. ഞങ്ങളുടെ നാട്ടില്‍ ഒരു പഞ്ചായത്ത് കിണറുണ്ട്. അത് വളരെ വലിയ കിണറാണ്. ഞാനൊക്കെ കുട്ടിയായിരിക്കുന്ന സമയത്ത് അതിലേക്ക് ചാടിയിട്ട് പിന്നെ വലിഞ്ഞു കയറുമായിരുന്നു.

അന്ന് പ്രണവിനെയും കൊണ്ടുപോകുന്ന സമയത്ത് മഴയൊക്കെ ഉള്ളത് കൊണ്ട് അതില്‍ ഒരുപാട് വെള്ളമുണ്ടായിരുന്നു. ഞാന്‍ അന്ന് ആ കിണറിലേക്ക് ചാടി. പിന്നാലെ അവനും. അന്നത്തെ അവന്റെ ആ സന്തോഷം കാണണമായിരുന്നു. അതൊരു സ്വിമ്മിങ് പൂളല്ല, കിണറാണ്.

അതിലേക്ക് ചാടിയപ്പോളുള്ള അവന്റെ ത്രില്ല് കണ്ടപ്പോള്‍ ഇവന്റെ ഗട്ട്‌സ് എന്താണെന്ന് എനിക്ക് മനസിലായി. അവന്റെ പടം കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത് മനസിലായി കാണണം. അവന്‍ എത്രത്തോളം റിസ്‌ക് എടുക്കുന്ന പയ്യനാണെന്ന് അന്നേ എനിക്ക് അറിയാമായിരുന്നു,’ മേജര്‍ രവി പറഞ്ഞു.

പുനര്‍ജനിയുടെ ഷൂട്ടിങ് സമയത്ത് തന്റെ വീട്ടിലാണ് പ്രണവ് താമസിച്ചതെന്ന് പറയുന്ന മേജര്‍ രവി അവന്‍ ജീവിതത്തില്‍ ആദ്യമായി പവര്‍കട്ട് കണ്ടതിനെ കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചു.

‘അന്ന് അവിടെയുള്ള എന്റെ ഒരു ചെറിയ വീട്ടിലാണ് താമസിച്ചത്. പ്രണവാണെങ്കില്‍ എ.സിയില്‍ മാത്രം വളര്‍ന്നവനാണ്. ആദ്യത്തെ ദിവസം ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വന്നതും വൈകുന്നേരം ഏഴ് മണിക്ക് ലൈറ്റ് ഓഫായി.

പ്രണവ് ഇതുവരെ പവര്‍കട്ട് കണ്ടിരുന്നില്ല. കാരണം അവന്റെ വീട്ടില്‍ ജനറേറ്ററാണ്. പവര്‍ക്കട്ടൊന്നും അവന്‍ അറിയില്ല. ലൈറ്റ് ഓഫായതും പ്രണവ് വളരെ ആവേശത്തിലായി. കൂടെയുള്ള ആളുകളെ പേടിപ്പിക്കാന്‍ തുടങ്ങി. അന്ന് അരമണിക്കൂര്‍ അവന്‍ ഇരുട്ടിലായിരുന്നു.

അടുത്ത ദിവസം ഇതേസമയത്ത് അവന്റെ കയ്യില്‍ ടോര്‍ച്ച് കൊടുത്തിട്ടും അവന് അതൊന്നും വേണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു കുട്ടി പവര്‍കട്ട് കണ്ടിട്ട് ഇത്രയും സന്തോഷിക്കുന്നത് കാണുന്നത്,’ മേജര്‍ രവി പറഞ്ഞു.


Content Highlight: He also jumped into that well; Major Ravi Talks About Pranav Mohanlal

Latest Stories

We use cookies to give you the best possible experience. Learn more