| Thursday, 17th May 2018, 10:50 am

കര്‍ണ്ണാടകയില്‍ 'ഗുജറാത്തി ബിസിനസ്' തുടങ്ങാമെന്ന മോദിയുടേയും അമിത്ഷായുടേയും ഗവര്‍ണറുടേയും മോഹം നടക്കില്ല, അതിന് അനുവദിക്കില്ല: കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്-ജെ.ഡി.എസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി എച്ച്.ഡി. കുമാരസ്വാമി. സംസ്ഥാനത്ത് “ഗുജറാത്തി ബിസിനസ്” ആരംഭിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗവര്‍ണര്‍ വാലയും പ്രധാനമന്ത്രി മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഗുജറാത്ത് വംശജരായ ത്രിമൂര്‍ത്തികളാണെന്നും കുമാരസ്വാമി വിശേഷിപ്പിച്ചു. “കര്‍ണ്ണാടകയില്‍ ഗുജറാത്തി ബിസിനസ്” തുടങ്ങാന്‍ കഴിയും എന്നാണ് ത്രിമൂര്‍ത്തികള്‍ കരുതുന്നത്. ഞങ്ങള്‍ അത് അനുവദിക്കില്ല. ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു. 2008 ല്‍ അവര്‍ ചെയ്തതുപോലെ സംസ്ഥാനത്തെ കൊള്ളയടിക്കുക മാത്രമാണ് ഇപ്പോഴും അവരുടെ ലക്ഷ്യം”, കുമാരസ്വാമി പറഞ്ഞു.

“സംസ്ഥാനത്തെ കൊള്ളയടിക്കുന്നവരെ പിന്തുണയ്ക്കില്ല. ഈ തീരുമാനത്തിന്റെ പേരില്‍ എന്തു സംഭവിച്ചാലും നേരിടും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെ മോദി പിഴുതെറിയുകയാണെന്നും കുമാരസ്വാമി പറഞ്ഞു. റിസോര്‍ട്ട് രാഷ്ട്രീയം ഉണ്ടായതിന് പിന്നില്‍ മോദിയാണെന്നും കുമാരസ്വാമി പ്രതികരിച്ചു. എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോകുന്നതില്‍ ബി.ജെ.പി വിദഗ്ദ്ധരാണ്. അത്തരം അവസ്ഥയില്‍ എന്റെ എം.എല്‍.എമാരുടെ സംരക്ഷണം എന്റെ ഉത്തരവാദിത്വമാണ്, അദ്ദേഹം പറഞ്ഞു.


Also Read: കുതിരക്കച്ചവടത്തിന് വേണ്ടിയുള്ള എല്ലാ സൗകര്യവും തുറന്നുകൊടുത്തിരിക്കുകയാണ് ഗവര്‍ണര്‍; ഇത് അനുവദിച്ചുതരില്ല: രൂക്ഷപ്രതികരണവുമായി കെ.സി വേണുഗോപാല്‍


അതേസമയം കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഇന്ത്യയിലെ ഭരണഘടന പരിഹസിക്കപ്പെടുകയാണെന്നും ബി.ജെ.പി വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യം തോല്‍ക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ ഇന്ന് രാവിലെയാണ് അധികാരമേറ്റത്. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമേ ഇന്നു സത്യപ്രതിജ്ഞ ചെയ്തുള്ളൂ.

15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രാത്രി വൈകി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത് കോണ്‍ഗ്രസിനു തിരിച്ചടിയായി.


Watch DoolNews:

We use cookies to give you the best possible experience. Learn more