ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ച് കൊല്ലണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. അറസ്റ്റ് ചെയ്ത് ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ അനുവദിക്കരുത്.
കര്‍ണാടക പൊലീസ് ഹൈദരാബാദ് പൊലീസിന്റെ നടപടി മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ മലയാളി വിദ്യാര്‍ത്ഥികളെയടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
മൂന്ന് മലയാളി വിദ്യാര്‍ത്ഥികളും ഒരു തമിഴ്നാട് സ്വദേശിയും സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ആക്രമണത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്ന കോളേജില്‍ തന്നെയാണ് വിദ്യാര്‍ത്ഥികളും പഠിക്കുന്നത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം മലയാളി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിട്ടില്ല. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്ഥലത്തെ സ്ഥിരം മദ്യപാന സംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. പിന്നീട് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവരിലേക്ക് സംശയം ഉയര്‍ന്നത്.
സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആറ് സിമ്മുകള്‍ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടേത് ആണെന്ന് തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കര്‍ണാടക ചാമുണ്ഡി ഹില്‍സിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെയും സഹപാഠിയെയും ആറംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി കര്‍ണാടക ആഭ്യന്തരമന്ത്രി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി എന്തിനാണ് രാത്രി ഇറങ്ങി നടന്നതെന്നായിരുന്നു ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
HD Kumaraswamy wants accused in Mysore gang-rape case shot dead like Hyderabad Model